ബഷീറിന്റെ ‘ആകാശമിഠായി’ വൈകുന്നു
text_fieldsബേപ്പൂർ ബി.സി റോഡിൽ നിർമാണം ഇഴഞ്ഞുനീങ്ങുന്ന ബഷീർ സ്മാരകം ‘ആകാശമിഠായി’
ബേപ്പൂർ: വിശ്വസാഹിത്യത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് 31 വർഷമായെങ്കിലും സ്മാരക കേന്ദ്രമായ ‘ആകാശമിഠായി’യുടെ നിർമാണം പൂർത്തീകരിച്ചിട്ടില്ല. മൂന്നുവർഷം മുമ്പ് ആരംഭിച്ച സ്മാരക നിർമാണത്തിന് അനുവദിച്ച 7,37,10,000 രൂപ മതിയാകാതെ വന്നപ്പോൾ സംസ്ഥാന സർക്കാർ വീണ്ടും 2,70,62,802 രൂപ കൂടി അടിയന്തരമായി അനുവദിച്ചു.
പുതുക്കിയ എസ്റ്റിമേറ്റ് കൂടി ചേർത്ത് 10,07,72,802 രൂപയുടെ നിർമാണ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാംഘട്ടത്തിൽ അടിയന്തരമായി അനുവദിച്ച തുക സ്മാരകത്തിൽ ആംഫി തിയറ്റർ, സ്റ്റേജ് ഗ്രീൻ റൂം, മഴവെള്ള സംഭരണി തുടങ്ങിയവയുടെ നിർമാണത്തിനും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് എന്നിവക്കുമായിരുന്നു.
എന്നാൽ, പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. യഥാസമയം പൂർത്തീകരിക്കുന്നതിൽ നേരിട്ട കാലതാമസം കാരണമാണ് വീണ്ടും എസ്റ്റിമേറ്റ് തുക സർക്കാറിന് വർധിപ്പിച്ചുനൽകേണ്ടി വന്നത്. ബി.സി റോഡിൽ നേരത്തേ സ്ഥിതിചെയ്തിരുന്ന കോർപറേഷന്റെ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയാണ് സ്മാരകം നിർമിക്കുന്നത്. കോഴിക്കോട് കോർപറേഷന്റെ കൈവശമുള്ള 82.69 സെന്റ് സ്ഥലമാണ് പ്രയോജനപ്പെടുത്തുന്നത്.
തൊട്ടടുത്തുള്ള 14 സെന്റ് സ്ഥലം കൂടി സ്മാരകത്തിലേക്ക് കൂട്ടിച്ചേർക്കും. അടുത്ത ജനുവരിയിൽ ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ചെങ്കിലും സ്മാരകം തുറന്നു കിട്ടാനാണ് സാഹിത്യപ്രേമികൾ ആഗ്രഹിക്കുന്നത്.
ആർക്കിടെക്റ്റ് വിനോദ് സിറിയക് രൂപകൽപന ചെയ്ത സ്മാരകത്തിന്റെ നിർമാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് (യു.എൽ.സി.സി.എസ്) ഏറ്റെടുത്തു നടത്തുന്നത്. രാജ്യത്ത് ആദ്യമായി സർക്കാറിന് കീഴിൽ ആരംഭിക്കുന്ന ടൂറിസം ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനവും ബഷീർ സ്മാരകമായിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തേ അറിയിച്ചിരുന്നു.
സ്റ്റേജ്, കരകൗശല വസ്തുക്കൾക്കായുള്ള സ്റ്റാളുകൾ, വാക് വേ, കുട്ടികളുടെ കളിസ്ഥലം, കമ്യൂണിറ്റി ഹാൾ, ഭക്ഷ്യ വിപണന കേന്ദ്രം തുടങ്ങിയ സൗകര്യവും ‘ആകാശമിഠായി’യിലുണ്ടാകും. ബഷീറിന് ലഭിച്ച പുരസ്കാരങ്ങൾ, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, കൈയെഴുത്ത് പ്രതികൾ ,എഴുത്തുകാരുമൊത്തുള്ള ഫോട്ടോകൾ തുടങ്ങിയവ സംരക്ഷിക്കാനും എഴുത്തുകാർക്ക് രചന നടത്താനുള്ള ഇടവും, വായനമുറിയും മറ്റും ചേർന്നതായിരിക്കും സ്മാരകം.