നിയമവിരുദ്ധ മത്സ്യബന്ധനം; മൂന്ന് അന്തർ സംസ്ഥാന ബോട്ടുകൾ പിടികൂടി
text_fieldsനിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയതിന് പിടികൂടിയ അന്തർ സംസ്ഥാന ബോട്ടുകൾ
ബേപ്പൂർ: മത്സ്യസമ്പത്തിന് വിനാശകരമായ ‘ലൈറ്റ് ഫിഷിങ്’ നടത്തിയ മൂന്ന് അന്തർ സംസ്ഥാന ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. കൊയിലാണ്ടിയിൽനിന്ന് രണ്ട് കർണാടക ബോട്ടും, ബേപ്പൂരിൽ നിന്ന് ഒരു തമിഴ്നാട് ബോട്ടുമാണ് വെള്ളിയാഴ്ച പുലർച്ചെ 2.30ന് അതിസാഹസികമായി പിടിച്ചെടുത്തത്.
ദക്ഷിണ കർണാടക സ്വദേശിയായ എം.ബി. അഷ്റഫിന്റെ നിഹാലി സാഗർ, മംഗളൂരു സ്വദേശിയായ സുനിൽകുമാറിന്റെ ദുർഗാംബ, തമിഴ്നാട് സ്വദേശി അന്തോണിയുടെ സെന്റ് മൈക്കിൾ എന്നീ ബോട്ടുകളിൽനിന്ന് നിയമവിരുദ്ധ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന തീവ്ര നിറം പ്രകാശിപ്പിക്കുന്ന വിദേശ നിർമിത എൽ.ഇ.ഡി ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുക്കുകയും ആറു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
അനധികൃത മീൻപിടിത്തത്തിനെതിരെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിന്റെ രാത്രികാല പരിശോധന തുടർന്നും നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് വി. സുനീർ അറിയിച്ചു. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഷാനവാസ്, എഫ്.ഇ.ഒ കെ. വിജുല, മറൈൻ എസ്.ഐ ടി.കെ. രാജേഷ്, ഗാർഡുമാരായ വിപിൻ, അരുൺ, ജിതിൻദാസ്, വിഗ്നേഷ്, മിഥുൻ, അമർനാഥ്, സായൂജ് എന്നിവരും ഉണ്ടായിരുന്നു.


