കൊച്ചിയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെകൊന്ന കേസിൽ ഒന്നാം പ്രതി പട്രോളിങ്ങിനിടയിൽ പിടിയിൽ
text_fieldsഅബ്ദുൾ ഗഫൂർ
ബേപ്പൂർ: ഫോർട്ട് കൊച്ചിയിൽ സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ കൊലപാതകത്തിൽ ഒന്നാംപ്രതിയെ ബേപ്പൂർ പൊലീസ് പിടികൂടി. ബേപ്പൂർ ചെറുപുരക്കൽ വീട്ടിൽ അബ്ദുൾ ഗഫൂറാണ് (51) അറസ്റ്റിലായത്. 2014 ജനുവരിയിൽ കളരിക്കൽ ജോർജ് സോളിയെ മർദിച്ചും അമ്മിക്കല്ലുകൊണ്ട് ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ ഗഫൂർ, ജാമ്യത്തിലിറങ്ങിയശേഷം വിചാരണക്കിടെ മുങ്ങിയതായിരുന്നു.
ബുധനാഴ്ച പുലർച്ചെ ഒന്നിന് ബേപ്പൂർ പൊലീസിന്റെ പട്രോളിങ്ങിനിടെ ബേപ്പൂർ ആർ.എം ആശുപത്രിയുടെ പിൻവശത്തുനിന്നാണ് സംശയാസ്പദ സാഹചര്യത്തിൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ ഗഫൂർ ഒന്നാംപ്രതിയായി കൊച്ചി തോപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, മൂന്നാംപ്രതിയും ബേപ്പൂർ സ്വദേശിയുമായ കോയമോനെ ജീവപര്യന്തം തടവിന് നേരത്തെ ശിക്ഷിച്ചിരുന്നു. രണ്ടാംപ്രതി ആന്റണി വിചാരണക്കിടെ മരണപ്പെട്ടു.
രണ്ടാം പ്രതി കൊച്ചി നോർത്ത് മുലംകുഴി സ്വദേശി ആന്റണിയുടെ വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്കേറ്റത്തിനിടയിൽ ജോർജ് സോളിയെ സുഹൃത്തുക്കളായ മൂവരും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അബ്ദുൽ ഗഫൂർ നിരവധി കേസുകളിൽ വേറെയും പ്രതിയാണ്. രണ്ടുവർഷം മുമ്പ് ബേപ്പൂർ ബസ് സ്റ്റാൻഡിനു മുൻവശമുള്ള നാഷനൽ ബിരിയാണി സെന്റർ ഉടമ എ.ടി. അഷ്റഫിനെ രാത്രിയിൽ ഹോട്ടലിൽ കയറി കത്തികൊണ്ട് മാരകമായി മുറിവേൽപ്പിച്ച കേസ് നിലവിലുണ്ട്. ബേപ്പൂർ സബ് ഇൻസ്പെക്ടർമാരായ എം. രവീന്ദ്രൻ, പി. ഡി. ധനീഷ്, സിവിൽ പൊലീസ് ഓഫിസറായ സുധീഷ്, ഹോം ഗാർഡ് അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തോപ്പുംപടി പൊലീസിന് കൈമാറി.