ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളക്ക് ഉജ്ജ്വല സമാപനം
text_fieldsമറീന കടൽ തീരത്തെ ജന സാഗരം
ബേപ്പൂർ: ബേപ്പൂരിലും ചാലിയത്തും കടലിലും കരയിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും വിസ്മയ വിരുന്നൊരുക്കി ബേപ്പൂര്‍ ജലമേളയുടെ നാലാം സീസണിന് ഉജ്ജ്വല പരിസമാപ്തി. കടലിന്റെ ഓളപ്പരപ്പില്‍ സാഹസിക കായിക വിനോദത്തിന്റെ ദൃശ്യങ്ങള്‍ ഇതള്‍ വിരിഞ്ഞപ്പോള്‍, വ്യോമസേനാ ഹെലികോപ്ടറുകളുടെ അഭ്യാസ പ്രകടനങ്ങള്‍ ആകാശത്ത് ഉദ്വേഗത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകള്‍ നിറച്ചു. പ്രദേശത്തെ അക്ഷരാര്‍ഥത്തില്‍ ശ്വാസംമുട്ടിച്ചുകൊണ്ട് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ആബാല വൃദ്ധം ജനങ്ങള്‍ക്ക് ഓര്‍ത്തുവെക്കാവുന്ന മനോഹര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ബേപ്പൂര്‍ ജലമേളയുടെനാലാം സീസണിന് കൊടിയിറങ്ങിയത്.
അന്താരാഷ്ട്ര ജല സാഹസിക-കായിക ടൂറിസത്തിന്റെ ഭൂപടത്തില്‍ ബേപ്പൂര്‍ ജലമേളയെ കൂടുതല്‍ അടയാളപ്പെടുത്തുന്നതായിരുന്നു നാലാം സീസണ്. അനുബന്ധമായി നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും നാവിക-തീരദേശ സംരക്ഷണ സേനകളുടെ കപ്പൽ കാഴ്ചകളും സാഹസിക പ്രകടനങ്ങളിലൂടെ കാണികളെ വിസ്മയിപ്പിച്ച പാരമോട്ടറിങ്ങും, ഫ്ലൈ ബോർഡ് ഡെമോയും ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വീറും വാശിയും പ്രദർശിപ്പിച്ച ചൂണ്ടയിടൽ, വലയെറിയൽ, നാടൻ വള്ളംകളി, ഡിങ്കി ബോട്ട് മത്സരങ്ങളും വലിയ കൈയടി നേടി.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണ നേതൃത്വവും, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. സമാപന ചടങ്ങിന് മുന്നോടിയായി ബേപ്പൂർ തുറമുഖത്തു നിന്നും ആരംഭിച്ച്, സമാപന വേദിയായ മറീന കടൽ തീരത്ത് അവസാനിച്ച വര്‍ണശബളമായ ഘോഷയാത്രയില്‍ മന്ത്രിയും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സമാപന ചടങ്ങും തുടർന്ന് വിനീത് ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടന്ന സംഗീത നിശയും, ഡ്രോൺ ഷോയും കാണാനും കേൾക്കാനുമായി പതിനായിരക്കണക്കിന് ആളുകളാണ് ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത്.
നാടൻ വള്ളംകളി മത്സരം
ഓളപ്പരപ്പിനെ കീറിമുറിച്ച് വള്ളംകളി മത്സരം
ബേപ്പൂര്‍: ബ്രേക്ക് വാട്ടറിൽ ഞായറാഴ്ച നടന്ന നാടന്വള്ളംകളി മത്സരം കാണികളുടെ മനം കവര്‍ന്നു. ആര്‍പ്പുവിളികളും മനക്കരുത്തും കൊണ്ടാണ് വള്ളക്കാർ തുഴഞ്ഞത്. ഓളപ്പരപ്പിൽ പോരാടാൻ ഒമ്പതു ടീമുകൾ അണിനിരന്നു. 300 മീറ്റർ ചുറ്റളവിലാണ് മത്സരം സംഘടിപ്പിച്ചത്. ഒരോ ടീമിലുമായി 12 ആളുകള്‍ വീതം മത്സരിച്ചു.
മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള സാധാരണക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചാണ് എല്ലാ ടീമുകളും മടങ്ങിയത്. തിങ്ങിനിറഞ്ഞ കാണികളുടെ പ്രോത്സാഹനവും ആര്‍പ്പുവിളികളും കരഘോഷവും വള്ളംകളി മത്സരത്തിന്റെ മാറ്റ് കൂട്ടി. കാണികളെ നിയന്ത്രിക്കാന്‍ പൊലീസ് സഹായവും ഉണ്ടായിരുന്നു.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് നാടൻ വള്ളംകളി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.