വിദ്യാർഥികളെ ‘ഇന്റർവ്യൂ’ ചെയ്ത് ബസ് ജീവനക്കാർ
text_fieldsകോഴിക്കോട്: ബസിൽ കയറുന്നതിന് വിദ്യാർഥികൾക്ക് ജീവനക്കാരുടെ ‘ഇന്റർവ്യൂ’ കടമ്പ. യാത്രാ ഇളവിന്റെ പേരിലാണ് വിദ്യാർഥികൾക്ക് ബസ് ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റം നേരിടുന്നത്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും മെഡിക്കൽ കോളജ് ബസ് സ്റ്റോപ്പിലുമാണ് ‘ഇന്റർവ്യൂ’ പീഡനം നടക്കുന്നത്. ബസ് സ്റ്റാൻഡിൽനിന്ന് യാത്ര പുറപ്പെടുമ്പോൾ മാത്രമേ വിദ്യാർഥികളെ കയറ്റാൻ അനുവദിക്കുന്നുള്ളൂവെന്നാണ് ആക്ഷേപം. ഇറങ്ങേണ്ട സ്ഥലം ചോദിച്ച് മാത്രമേ ബസിൽ കയറ്റൂ.
മുൻകാലങ്ങളിൽ ഇത്തരം ചോദ്യം ചെയ്യലും അവസാനസമയം മാത്രം ബസിൽ കയറ്റുന്നതും തുടർന്നപ്പോൾ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടികൾ സ്വീകരിച്ചതിനാൽ അവസാനിച്ചിരുന്നു. ‘ഇന്റർവ്യൂ’ ചോദ്യം ചെയ്യുന്ന വിദ്യാർഥിനികളുൾപ്പെടെയുള്ളവരെ പരിഹസിക്കുകയും ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതെ മാറിയിറക്കി പകരം വീട്ടുന്നതായും പരാതിയുണ്ട്.