ചാലിയം ഫിഷ് ലാൻഡിങ് സെന്റർ അവഗണനയുടെ നടുക്കടലിൽ
text_fieldsചാലിയം ഫിഷ് ലാൻഡിങ് സെന്റർ
കടലുണ്ടി: ചെമ്മീൻ ഉൾപ്പെടെ മത്സ്യക്കയറ്റുമതിയിലൂടെ സർക്കാറിന് ലക്ഷങ്ങളുടെ വിദേശനാണ്യം നേടിക്കൊടുക്കുന്ന ചാലിയത്തെ പരമ്പരാഗത മത്സ്യവിപണന മേഖല അവഗണനയുടെ നടുക്കടലിൽ. അഴുക്കുവെള്ളം കെട്ടിക്കിടന്ന് ചളിക്കുളമായ ഫിഷ് ലാൻഡിങ് സെന്ററുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു തൊഴിലാളികളാണ് ജീവിതമാർഗം കണ്ടെത്തുന്നത്.
കടലിനോടു മല്ലടിച്ച് മത്സ്യവുമായെത്തുന്ന വള്ളങ്ങൾക്ക് കരപറ്റാൻ സുരക്ഷിതമായ ജെട്ടിയില്ല. മത്സ്യം വിറ്റഴിക്കാനും സൂക്ഷിക്കാനും ഇടമില്ല. ചളിയിൽ കുതിർന്ന സ്ഥലത്താണ് മത്സ്യം ലേലം ചെയ്യുന്നത്. ജീവിതമാർഗമായതുകൊണ്ട് എല്ലാം സഹിക്കുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
15 കോടി ചെലവഴിച്ച് ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കാൻ സംസ്ഥാന സർക്കാർ നടപടി കൈക്കൊണ്ടിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാറിന്റെ ചില നടപടിക്രമങ്ങൾ വൈകുന്നതുകൊണ്ടാണ് പദ്ധതി വെളിച്ചം കാണാത്തത്. 150ഓളം ഫൈബർ എൻജിൻ വള്ളങ്ങൾ, 300 ചെറുവള്ളങ്ങൾ, 200ൽ പരം തോണിക്കാർ ഉൾപ്പെടെ മത്സ്യവിപണനവുമായി ബന്ധപ്പെട്ട് 4,000ത്തോളം തൊഴിലാളികളാണ് ഫിഷ് ലാൻഡിങ് സെന്ററിനെ ആശ്രയിച്ച് ജീവിക്കുന്നത്.
ആനങ്ങാടി, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂർ ഭാഗങ്ങളിലുള്ള തൊഴിലാളികളും മീൻ വിൽക്കാനെത്തുന്നത് ചാലിയത്താണ്. മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചുവരുന്ന വനം വകുപ്പിന്റെ കൈവശമുള്ള അഞ്ച് ഏക്കർ ഭൂമി ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കാൻ ഏറ്റെടുക്കുകയും പകരം ചെമ്പനോട വില്ലേജിൽ രണ്ട് ഹെക്ടർ സ്ഥലം സംസ്ഥാന സർക്കാർ വനം വകുപ്പിനു വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
വനം -ഫിഷറീസ് വകുപ്പുകൾ ഭൂമി കൈമാറ്റ നടപടി പൂർത്തീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറിയെങ്കിലും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ആധുനിക രീതിയിലുള്ള ജെട്ടി, മത്സ്യബന്ധന ബോട്ട് അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം, മത്സ്യം വേർതിരിച്ച് വിൽപന നടത്താനുതകുന്ന വിശാലമായ ഹാൾ ഉൾപ്പെടെ സൗകര്യങ്ങളൊരുക്കാനായിരുന്നു പദ്ധതി. ഹാർബർ എൻജിനീയറിങ്ങും ഫിഷറീസ് വകുപ്പും സംയുക്തമായി നിർമാണത്തിനു നേതൃത്വം കൊടുക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. മലബാറിൽ അറിയപ്പെടുന്ന മത്സ്യ ബന്ധന മേഖലയാണ് ചാലിയം. സ്വന്തമായി സൗകര്യമില്ലാത്തതിനാൽ പതിറ്റാണ്ടുകളായി മത്സ്യവിപണനം നടക്കുന്നത് വനം വകുപ്പ് ഭൂമിയിലാണെന്നതാണ് വിരോധാഭാസം.