ബൈക്കിലെത്തി സ്വർണമാല തട്ടിപ്പറിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ
text_fieldsഷഹനൂബ്
ചേളന്നൂർ: വയോധികയുടെ മാല തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളഞ്ഞ സ്വകാര്യ ആശുപത്രി ജീവനക്കാരൻ പിടിയില്‍. തൊണ്ടയാട് സൈബർ പാര്ക്കിന് സമീപം വില്ലിക്കല്‍ കോട്ടക്കുന്ന് വീട്ടില്‍ ഷഹനൂബിനെയാണ് (26) കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതി കുമാരസാമി-ചെലപ്രം റോഡില്‍ കടത്തനുംപുറത്ത് താഴത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന 76 വയസ്സുള്ള വയോധികയോട് വഴി ചോദിച്ച പ്രതി സമീപത്ത് മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ബൈക്കില്‍നിന്നും ഇറങ്ങിച്ചെന്ന് വയോധികയെ ആക്രമിച്ച് റോഡില്‍ തള്ളിയിട്ട ശേഷം കഴുത്തില്‍നിന്നും മൂന്നു പവൻ വരുന്ന സ്വര്‍ണ ചെയിന്‍ തട്ടിപ്പറിച്ചു.
ബൈക്കില്‍ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി സമീപത്തെ 50 വീടുകളിലെയും കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവസമയത്ത് അതുവഴി ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കവര്‍ച്ചക്കായി ഉപയോഗിച്ച ബൈക്കിന്റെ വിവരങ്ങള്‍ ലഭിച്ചു.
ബൈക്കിന്റെ നിറം, ഹെല്‍മറ്റിന്റെ മോഡല്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെപ്പറ്റി വ്യക്തമായ സൂചന ലഭിക്കുകയായിരുന്നു. ഷഹനൂബിനെ വയോധിക തിരിച്ചറിഞ്ഞു. തുടര്‍ന്ന് കളവു മുതല്‍ വില്പന നടത്തിയ കുറ്റിക്കാട്ടൂരിലെ ജ്വല്ലറിയില്‍നിന്നും സ്വര്‍ണം കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാക്കൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. സനല്‍രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. അബ്ദുൽ സലാം, എ.എസ്.ഐമാരായ ലിനീഷ്, കെ.എം. ബിജേഷ്, എസ്.സി.പി.ഒ സുബീഷ്ജിത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.