‘സാഫല്യം’ ഭവന പദ്ധതിക്ക് പുതിയ നിർദേശങ്ങളുമായി ചേളന്നൂർ പഞ്ചായത്ത്
text_fieldsപാതിവഴിയിൽ നിലച്ച ‘സാഫല്യം’ ഭവന പദ്ധതിയിലെ
കെട്ടിടങ്ങൾ
ചേളന്നൂര്‍: വർഷങ്ങൾ കഴിഞ്ഞിട്ടും അനിശ്ചിതമായി നീളുന്ന 21ാം വാര്‍ഡിലെ ‘സാഫല്യം’ ഭവനപദ്ധതി പൂര്‍ത്തീകരണത്തിന് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ശ്രമം തുടങ്ങി. വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ പണമടച്ച് കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് പ്രതീക്ഷയേകുകയാണ് പഞ്ചായത്ത് നടപടികൾ. പണമടച്ച 65 ഗുണഭോക്താക്കളിൽ 440 പേരും പണം തിരിച്ചുവാങ്ങിയ സാഹചര്യത്തിലാണ് പുതിയ നീക്കത്തിന് പഞ്ചായത്ത് ശ്രമം. 40 ഫ്ലാറ്റുകൾ പഞ്ചായത്തിന് അനുവദിക്കുകയും സൗകര്യപ്രദമായ രീതിയിൽ അത് 20 വീടുകളാക്കി പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ വിതരണംചെയ്യാൻ സന്നദ്ധത അറിയിച്ച് ഭവനനിർമാണ ബോർഡിന് വിവരം അറിയിച്ചിട്ടുമുണ്ട്.
കുടിവെള്ളപ്രശ്നവും മാലിന്യനിർമാർജനവും വിലങ്ങുതടിയായതാണ് പദ്ധതി നിലക്കാൻ കാരണം. ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം പഞ്ചായത്ത് നൽകും. മാലിന്യ നിർമാർജന പ്രശ്നവും പരിഹരിക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിർദേശംവെച്ചത്. ഇതുസംബന്ധിച്ച് ഭവനനിർമാണ ബോർഡ് വിശദമായി വിലയിരുത്തൽ നടത്തുകയാണ്.
സര്‍ക്കാര്‍ സബ്സിഡിയും ഹഡ്കോ വായ്പാ ധനസഹായവും സമന്വയിപ്പിച്ചും സന്നദ്ധസംഘടനകളുടെയും ഗുണഭോക്താക്കളുടെ വിഹിതവും ഉറപ്പാക്കിയും നിര്‍മിച്ച ഫ്ലാറ്റാണ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി നശിക്കുന്നത്. മൂന്നുനില ഫ്ലാറ്റ് സമുച്ചയം 66 ഗുണഭോക്താക്കളില്‍നിന്ന് 50,000 രൂപ മുന്‍കൂര്‍ വാങ്ങിയാണ് പണി ആരംഭിച്ചത്. ഒരു കിടക്കമുറി, ഹാള്‍, അടുക്കള, കുളിമുറി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓരോ യൂനിറ്റും. ചേളന്നൂര്‍ പഞ്ചായത്തിനു പുറമേ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഗുണഭോക്താക്കളായുണ്ട്. വര്‍ഷങ്ങൾ പിന്നിട്ടിട്ടും ഫ്ലാറ്റിന്റെ പ്രയോജനം ഭൂരഹിത-ഭവനരഹിതരായവര്‍ക്ക് ലഭിക്കാത്ത അവസ്ഥയിലാണ് പഞ്ചായത്ത് പുതിയ നിർദേശവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.