കാർഷികവൃത്തിയിൽ മുതിർന്നവരെ വെല്ലും സാനിയയും കാർത്തികയും
text_fieldsസാനിയ പൊക്കാളിയും കാർത്തിക പൊക്കാളിയും
വളർത്തുമൃഗങ്ങൾക്കൊപ്പം
ചേളന്നൂർ: ‘‘അച്ഛനും അമ്മയും പുലർച്ച നാലരമണിയാകുമ്പോഴേക്കും എഴുന്നേൽക്കും. ഞങ്ങൾ അഞ്ചുമണിക്കാണെഴുന്നേൽക്കുക. പിന്നെ പശുക്കുട്ടികളെ പറമ്പിൽ കെട്ടും. ആട്ടിൻകുട്ടികൾക്കും എമുവിനും താറാവുകൾക്കും കോഴികൾക്കുമെല്ലാം തീറ്റകൊടുക്കും.
അതു ഞങ്ങളുടെ പണിയാ’’ -പറച്ചിലിൽ സഹോദരികളായ സാനിയ പൊക്കാളിയും കാർത്തിക പൊക്കാളിയും ചെയ്യുന്ന കാര്യങ്ങൾ ചെറുതാണെന്നു തോന്നും. പക്ഷേ, നേരം പുലർന്ന് ഇരുട്ടാകുന്നതിനുമുമ്പ് വളർത്തുമൃഗങ്ങൾക്കും കൃഷിക്കുംവേണ്ടി ഇവർ ചെയ്തുതീർക്കുന്ന കാര്യങ്ങൾ മുതിർന്നവർക്കുപോലും ചെയ്യാൻ പ്രയാസമാണ്.
ഒമ്പതു വെച്ചൂർ പശുക്കളെയും ഏറ്റവും ചെറിയ വർഗത്തിൽപെട്ട ആറ് കനേഡിയൻ പിഗ്മികളായ ആടുകളെയും ഒരു എമുവിനെയും അഞ്ച് താറാവുകളെയും ഇരുപതോളം കോഴികളെയും പരിചരിക്കുന്നത് ഈ സഹോദരികളാണ്. അച്ഛനും അമ്മയും നോക്കില്ലേ എന്നു ചോദിച്ചാൽ, 250 ലിറ്ററിലധികം പാൽ ചുരത്തുന്ന 26 എച്ച്.എഫ് പശുക്കളെ നോക്കുന്നത് അച്ഛനും അമ്മയുമാണ്.
പിന്നെ അഞ്ചാറ് ഏക്കറിലധികമുള്ള നെൽകൃഷിയും മറ്റ് കൃഷികളും നോക്കുന്നത് അവരാണ്. അതുകൊണ്ട് ഞങ്ങളാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്. നഗരത്തിലെ പ്രൊവിഡൻസ് സ്കൂളിലെ ഏഴാം ക്ലാസുകാരിയാണ് സാനിയ. അതേ സ്കൂളിലെ മൂന്നാംക്ലാസുകാരിയാണ് കാർത്തിക. വളർത്തുമൃഗങ്ങൾക്കെല്ലാം ഏറെ അടുപ്പമാണ് ഇവരോടെന്ന് പിതാവ് സ്വാമിനാഥൻ പൊക്കാളി പറയുന്നു.
അവർ സ്വയം ഏറ്റെടുക്കുന്നതിനാൽ ചെറുപശുക്കളുടെയും ആടുകളുടെയും കാര്യം ഒന്നും നോക്കേണ്ടി വരാറില്ലെന്നും സ്വാമിനാഥൻ പറഞ്ഞു. താനും ഭാര്യ നിജിതയും ചെയ്തുപോരുന്നത് ചെറുപ്പംമുതലേ അവർ കണ്ടുവളർന്നതിനാലാകണം വളർത്തുമൃഗങ്ങളോടും കൃഷിയോടും അവർ ഏറെ താൽപര്യം കാണിച്ചുപോരുന്നതെന്ന് സ്വാമിനാഥൻ പറഞ്ഞു. എൺപതിനായിരം മുതൽ ഒരുലക്ഷം രൂപ വരെയുള്ള 26 പശുക്കളാണ് സ്വാമിനാഥനുള്ളത്. എല്ലാത്തരം പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട് ഈ കുടുംബം.