പൊതുവിതരണ കേന്ദ്രങ്ങളിൽ ആധുനിക നവീകരണങ്ങൾ ഏർപ്പെടുത്തുന്നു -മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsചേളന്നൂർ: ആധുനിക കാലഘട്ടത്തിന് ചേർന്ന വിധത്തിൽ പൊതുവിതരണ കേന്ദ്രങ്ങളും നവീകരിക്കപ്പെടുകയാണെന്ന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ. ചേളന്നൂർ പഞ്ചായത്തിലെ ഒളോപ്പാറ 305 നമ്പർ പൊതുവിതരണ കേന്ദ്രത്തിൽ ആരംഭിക്കുന്ന കെ-സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻ കടകളെ വൈവിധ്യവത്കരിച്ച് സപ്ലൈകോ, മിൽമ എന്നിവയുടെ ഉൽപന്നങ്ങൾ, ബാങ്കിങ് ഓൺലൈൻ സേവനങ്ങൾ, അഞ്ചു കിലോയുടെ ഗ്യാസ് എന്നിവ ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് കെ-സ്റ്റോർ. റേഷൻകടകളെ ജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, സഥിരംസമിതി അധ്യക്ഷൻ പി.കെ. കവിത, പഞ്ചായത്ത് അംഗങ്ങളായ യു.കെ. റീന, പി.എം. വിജയൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജില്ല സപ്ലൈ ഓഫിസർ വി. ലത സ്വാഗതവും താലൂക്ക് സപ്ലൈ ഓഫിസർ കെ.കെ. മനോജ്കുമാർ നന്ദിയും പറഞ്ഞു.