പ്രവൃത്തിസമയം ക്രമീകരിച്ചിട്ടും റേഷൻ ഗുണഭോക്താക്കൾ ദുരിതത്തിൽ
text_fieldsചേളന്നൂർ: റേഷൻ കടകളുടെ പ്രവൃത്തി സമയം ക്രമീകരിച്ചിട്ടും ഗുണഭോക്താക്കൾ ദുരിതത്തിൽ. ഇപോസ് മെഷീന്റെ സെർവർ തകരാറുമൂലം റേഷൻകടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിന് ജില്ലകൾ ക്രമീകരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രവൃത്തി സമയത്തിൽ നവംബർ അവസാനം മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഡിസംബർ അഞ്ചു മുതൽ 31 വരെയും നിയന്ത്രണം തുടരും. തങ്ങളുടെ ഒഴിവുനോക്കി റേഷൻ വാങ്ങാൻ പറ്റാത്ത സാഹചര്യം നിയന്ത്രണംമൂലം ഉണ്ടെങ്കിലും കാത്തിരിപ്പില്ലാതെ സാധനം വാങ്ങി തിരിച്ചുപോകാമെന്ന ആശ്വാസമായിരുന്നു കാർഡ് ഉടമകൾക്ക്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലും ഏറെ നേരം കാത്തിരുന്നിട്ടും ഇപോസ് മെഷീൻ തകരാറുമൂലം സാധനം കിട്ടാതെ പല കാർഡ് ഉടമകളും തിരിച്ചുപോകുകയായിരുന്നു.
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ 10 വരെയും 17 മുതൽ 24 വരെയും രാവിലെ എട്ടു മുതൽ ഒരു മണിവരെയും 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചക്ക് രണ്ടു മുതൽ ഏഴു മണി വരെയുമാണ് പ്രവർത്തിക്കുക.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം കാസർകോട്, ഇടുക്കി ജില്ലകളിൽ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും രാവിലെ എട്ടു മുതൽ ഒന്നു വരെയും അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയും ഉച്ചക്ക് രണ്ടു മുതൽ എട്ടുവരെയുമാണ് പ്രവർത്തിക്കുകയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. നിയന്ത്രണം മൂലം കാർഡ് ഉടമകൾക്ക് ഇപോസ് മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ കഴിയുമെന്നായിരുന്നു അറിയിപ്പ്.
പ്രവൃത്തി സമയം രാവിലെയും ഉച്ചക്കുശേഷവുമായി രണ്ടുഘട്ടങ്ങളിലുള്ളത് ഒഴിവാക്കണമെന്ന ആവശ്യം വ്യാപാരികൾ ഉന്നയിച്ചു വരുകയായിരുന്നു. ഇത് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപോസിന്റെ പേരിൽ ഒത്തുതീർപ്പെന്നാണ് ആക്ഷേപം.