ചേമഞ്ചേരി സ്റ്റേഷനിൽ സന്തോഷ ചൂളംവിളി
text_fieldsചേമഞ്ചേരി സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ എത്തിയ ട്രെയിനിന് സ്വീകരണം നൽകിയപ്പോൾ
ചേമഞ്ചേരി: ചേമഞ്ചേരിയിൽ ഇന്നലെ സന്തോഷത്തിന്റെ ചൂളംവിളിയുയർന്നു. മൂന്നു വർഷത്തിനുശേഷം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തിയതായിരുന്നു നാട്ടുകാരുടെ ആഹ്ലാദത്തിന് കാരണം.
മറ്റു സ്റ്റേഷനുകളിൽ കോവിഡ് കാലത്ത് നിർത്തിയ ട്രെയിൻസ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചിരുന്നെങ്കിലും ചേമഞ്ചേരി ഹാൾട്ട് സ്റ്റേഷൻ അടഞ്ഞുകിടക്കുകയായിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷൻ, നാട്ടുകാർ, രാഷ്ട്രീയസംഘടനകൾ എന്നിവർ ഒറ്റക്കെട്ടായി രംഗത്തുവന്ന് സ്റ്റോപ് പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തി.
മന്ത്രിതലത്തിൽവരെ ഇടപെട്ടാണ് അനുകൂല നടപടിയുണ്ടായത്. ഒടുവിൽ തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ ഷൊർണൂർ -കണ്ണൂർ മെമു ട്രെയിൻ നിർത്തിയതോടെ വിജയാരവം മുഴങ്ങി. മധുരപലഹാരം വിതരണം ചെയ്തും ട്രെയിനിനെ ഹാരാർപ്പണം ചെയ്തും നാട്ടുകാർ സന്തോഷം പങ്കുവെച്ചു.
പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ, വാർഡ് മെംബർ രാജേഷ് കുന്നുമ്മൽ, കെ. ഗീതാനന്ദൻ, വി.വി. മോഹൻ, അവിണേരി ശങ്കരൻ, രാധൻ അരോമ, മനോജ് കൃഷ്ണപുരി, ഉണ്ണികൃഷ്ണൻ തിരുളി, കെ. ബിനോയ്, കുഞ്ഞിരാമൻ വയലാട്ട് എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി പ്രവർത്തകർ മണ്ഡലം പ്രസിഡന്റ് എസ്.ആർ. ജയ് കിഷിന്റെ നേതൃത്വത്തിൽ പെങ്കടുത്തു.