ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധ ആക്രമണം
text_fieldsചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ പോർച്ചിലുണ്ടായിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചനിലയിൽ
ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധ ആക്രമണം. സ്കൂൾ മുറ്റത്തെ മാവും പോർച്ചിൽ നിർത്തിയിട്ട ബൈക്കും തീയിട്ടുനശിപ്പിച്ചു. സ്കൂൾ അധ്യാപകന്റെ ബൈക്ക് പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
സ്കൂൾ കോമ്പൗണ്ടിൽ കയറിയ ആക്രമി ഓഫിസ് കെട്ടിടത്തിന് മുന്നിലെ മാവിനാണ് ആദ്യം തീയിട്ടത്. പിന്നീട് ബൈക്ക് അഗ്നിക്കിരയാക്കുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്. പ്രിൻസിപ്പലിന്റെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്കൂളിൽ അതിക്രമിച്ചുകയറി തീവെപ്പുനടത്തിയ സംഭവം വിദ്യാർഥികളെയും സ്കൂളധികൃതരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കുറ്റവാളിയെ ഉടൻ പിടികൂടണമെന്ന് പി.ടി.എ പ്രസിഡൻറ് അഡ്വ. ഉമർ പുതിയോട്ടിൽ ആവശ്യപ്പെട്ടു.