ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു
text_fieldsചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമക്കായി ബഷീർ സ്ക്വയർ ഒരുങ്ങുന്നു. നാഷനൽ സർവിസ് സ്കീം യൂനിറ്റ് ആണ് സ്മൃതിയിടം നിർമിക്കുന്നത്. ബഷീറിന്റെ ഓർമകളുടെ ഇടം എന്ന നിലയിലാണ് സ്ക്വയർ രൂപകൽപന ചെയ്തത്. ബഷീറിന് ഇഷ്ടപ്പെട്ട മാങ്കോസ്റ്റിൻ മരങ്ങളും ചാമ്പ മരവും ബഷീർ സ്ക്വയറിൽ ഉണ്ട്.
അദ്ദേഹത്തിന് ഏറെ ആത്മബന്ധമുള്ള വിദ്യാലയമാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ. ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഈ സ്കൂളിലായിരുന്നു. വിദ്യാലയത്തിന്റെ പടിഞ്ഞാറ് വശത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് സ്ക്വയർ. ബഷീറിന്റെ ചിത്രവും കഥാപാത്രങ്ങളുടെ ചിത്രങ്ങളും സ്ക്വയറിലുണ്ടാവും.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി മുർഷാദ് കാരാട്ട് ആണ് സ്ക്വയർ രൂപകൽപന ചെയ്തത്. വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലത്താണ് എൻ.എസ്.എസ് വിദ്യാർഥികൾ സ്മൃതിയിടം ഒരുക്കുന്നത്. പുതിയ തലമുറക്ക് ബഷീറിനെയും സാഹിത്യത്തെയും പരിചയപ്പെടാനും സ്മൃതിയിടം വഴിയൊരുക്കും.