കിണറ്റിൽ വീണ പന്നിയെ വെടിവെച്ചുകൊന്നു
text_fieldsചേന്ദമംഗല്ലൂർ : കാട്ടുപന്നികളുടെ ശല്യം മൂലം കർഷകരും, നാട്ടുകാരും ദുരിതത്തിൽ. മുക്കം നഗരസഭയിലെ പൊറ്റശ്ശേരി , പുൽപറമ്പ് ,ചേന്ദമംഗല്ലൂർ പ്രദേശത്താണ് കാട്ടുപന്നികൾ സ്വൈര വിഹാരം നടത്തുന്നത്.ജനവാസം കുറഞ്ഞ തൊട്ടടുത്ത പ്രദേശങ്ങളായ നറുക്കിൽ , ചരുപുറം , ഏരിമല എന്നിവിടങ്ങളിൽ നിന്ന് കാട്ടുപന്നി കൂട്ടങ്ങൾ കൃഷിയിടങ്ങളിലും , ജനവാസ മേഖലകളും ഇറങ്ങി വ്യാപകനാശം വിതക്കുകയാണ് .
കഴിഞ്ഞ ദിവസം വെസ്റ്റ് ചേന്ദമംഗല്ലൂർ അമ്പലത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിനോടടുത്തുള്ള കിണറ്റിൽ പന്നി വീണു. നിരവധി കുടുബങ്ങൾ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റിൽ അകപ്പെട്ട പന്നിയെ ഷൂട്ടർ ബിജു ചൂലൂർ വെടിവെച്ചു കൊന്നു. കിണറ്റിൽ വെച്ച് തന്നെ പന്നിയെ വെടിവെക്കേണ്ടി വന്നതിനാൽ കിണറിലെ വെള്ളം വറ്റിച്ച് വൃത്തിയാക്കേണ്ടിവന്നു.
താമരശേരി റേഞ്ച് ഓഫിസിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കൗൺസിലർമാരായ റംല ഗഫൂർ, ഗഫൂർ, ബഷീർ അമ്പലത്തിങ്ങൽ, ചന്ദ്രൻ , വിജയൻ വെള്ളച്ചാലിൽ, മുഹമ്മദ് അമ്പലത്തിങ്ങൽ നേതൃത്വം നൽകി.