അധികൃതരുടെ അനാസ്ഥ ; കരിഞ്ഞുണങ്ങി മൈതാനവും കളിയും
text_fieldsകോഴിക്കോട്: അധികൃതരുടെ കെടുകാര്യസ്ഥതയിൽ കോർപറേഷൻ സ്റ്റേഡിയവും കളിയും കരിഞ്ഞുണങ്ങുന്നു. മികച്ച സ്റ്റേഡിയമായിരുന്ന കോര്‍പറേഷന്‍ സ്റ്റേഡിയം ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ലീഗ് ഗ്രാന്‍ഡ് ഫിനാലെക്ക് വിട്ടുനല്‍കിയതോടെയാണ് ശനിദശ തുടങ്ങിയത്. കൃത്യമായ പരിപാലനമില്ലാത്തതിനാൽ പുൽമൈതാനത്തിന്റെ മിക്ക ഭാഗങ്ങളും കരിഞ്ഞുണങ്ങി. സ്റ്റേഡിയത്തിനോട് ചേർന്ന ചില ഭാഗങ്ങളിലാകട്ടെ കുറ്റിക്കാടുകളും വളർന്നു.
കോഴിക്കോടിന്റെ പ്രധാന ടൂർണമെന്റായ എലൈറ്റ് ഫുട്ബാൾ നടന്നുകൊണ്ടിരിക്കുന്നത് സങ്കടകരമായ സാഹചര്യത്തിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ലീഗ് ഗ്രാന്‍ഡ് ഫിനാലെക്ക് ഗ്രൗണ്ടിൽ ലോഡ് കണക്കിന് മണ്ണിറക്കി തരംമാറ്റിയതോടെ പുല്ലുകളെല്ലാം കരിഞ്ഞുണങ്ങിയിരുന്നു. തുടർന്ന് അമിതമായി യൂറിയയും വെള്ളവും നൽകി പുല്ലുകൾ കിളർപ്പിച്ചെങ്കിലും തുടർന്നുള്ള പരിപാലനമില്ലാത്തതും പൊരിവെയിലും കാരണം പുല്ലുകൾ കരിഞ്ഞുണങ്ങിക്കിടക്കുകയാണ്.
കൃത്യസമയത്ത് ഗ്രൗണ്ട് നൽകാനാവാത്തതുമൂലം കോഴിക്കോടിന്റെ ഫുട്ബാൾ വളർച്ചക്ക് ഏറെ സഹായകമാകുമായിരുന്ന ഐ.എസ്.എല്‍ മത്സരം തന്നെ മാറ്റേണ്ടിവന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് ഐ.എസ്.എൽ ആരംഭിക്കുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കോർപറേഷൻ സ്റ്റേഡിയം ലഭിക്കാൻ ശ്രമിച്ചെങ്കിലും ഗ്രൗണ്ട് പ്രവൃത്തി പൂർത്തിയാകാത്തതിനാലും അമിത ചാർജ് ആവശ്യപ്പെട്ടതിനാലും ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് തന്നെ ചേക്കേറാൻ ഇടയാക്കി.
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അനൗദ്യോഗിക വിവരവും പുറത്തുവിട്ടിരുന്നു. ഇന്നത്തെ നിലയിൽ മികച്ച ഒരു മത്സരത്തിനും പരിഗണിക്കപ്പെടാത്ത അവസ്ഥയാണ് കോർപറേഷൻ സ്റ്റേഡിയത്തിന്. അറ്റകുറ്റപണികൾ നടത്തി ഐ.എസ്.ആര്‍.എല്‍ മത്സരത്തിന്റെ സംഘാടകർ മൈതാനം കേരള ഫുട്ബാൾ അസോസിയേഷന് കൈമാറിയെങ്കിലും പിന്നീട് പ്രധാന മത്സരങ്ങളൊന്നുമില്ലാത്തതിനാൽ മൈതാനം പരിചരിച്ചില്ല. ഇനി അടുത്ത ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഏതെങ്കിലും മത്സരം ഉണ്ടാകുമെങ്കിൽ ആ സമയത്തേക്കോ അറ്റകുറ്റപണികൾ നടക്കുകയുമുള്ളു.
കഴിഞ്ഞ വേനൽക്കാലത്ത് ഐ ലീഗ്, ഇന്ത്യൻ വനിത ലീഗ് മത്സരങ്ങൾ നടന്നതിനാൽ മികച്ച രീതിയിൽ കോർപറേഷൻ സ്റ്റേഡിയം പരിപാലിച്ചിരുന്നു. അതുകൊണ്ടുതന്നെ പല കളികൾക്കും ആദ്യ പരിഗണന കോഴിക്കോടിന് കിട്ടുകയും ചെയ്തിരുന്നു. മൈതാനത്തിന്റെ സാങ്കേതിക മികവ് തിരിച്ച് കൊണ്ടുവരുവാനും പ്രതാപം തിരിച്ചുകൊണ്ടുവരുവാനും പുതിയ ടൂർണമെന്റുകൾ സ്‌റ്റേഡിയത്തിൽ നടത്താനും കോർപറേഷൻ ആവശ്യമായ നടപടികൾ കൈകൊള്ളമെന്നാവശ്യപ്പെട്ട് മുൻതാരങ്ങളും ഫുട്ബാൾ പ്രേമികളും കോർപറേഷൻ മേയർ ഒ. സദാശിവന് നിവേദനം നൽകി.
തമിഴ്നാട് സന്തോഷ് ട്രോഫി ക്യാപ്റ്റൻ ഊട്ടി അഷ്‌റഫ്, കേരള സന്തോഷ് ട്രോഫി താരം എ.വി. രാജീവ്, കേരള പൊലീസ് താരങ്ങളായ പി.ടി. മെഹബൂബ്, റോയ് റോജേഴ്സ് ഫുട്ബാൾ െപ്ലയേഴ്സ് അസോസിയേഷൻ ഭാരവാഹി ഗോകുൽ ദാസ്, കൗൺസിലർ സഫറി വെള്ളയിൽ എന്നിവരാണ് നിവേദനം നൽകിയത്.


