ദീപക്കിന്റെ ആത്മഹത്യ; ഷിംജിത ഇനി മഞ്ചേരി ജയിലിൽ
text_fieldsകോഴിക്കോട്: അപകീർത്തിപ്പെടുത്ത വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ദീപക്കിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. വടകരക്കു സമീപമുള്ള ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസുകാരടക്കം മഫ്തിയിലെത്തി പിടികൂടിയതിന് ശേഷം പ്രതിയെ സ്വകാര്യ വാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദീപക്കിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായാണ് ദീപക് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത്.
ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് ഷിംജിത വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. തുടർന്ന് മകന്റെ മരണത്തിന് കാരണം ഷിംജിതയുടെ റീലാണെന്ന് ചൂണ്ടിക്കാട്ടി ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷിംജിതക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു.


