ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി
text_fieldsതിരുവമ്പാടി: മലയോര മേഖലയിൽ ഡെങ്കിപ്പനി വ്യാപന സാധ്യതയുള്ളതിനാൽ എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിതിൻ പല്ലാട്ടും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.വി. പ്രിയയും അറിയിച്ചു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എ. ഫിറോസ് ഖാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്‍റ് പി.ആർ. അജിത, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ എന്നിവർ സംസാരിച്ചു.
വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. ഉറവിട നശീകരണമാണ് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, വെസ്റ്റ് നൈൽ, സികപനികളെ തടയാനുള്ള പ്രധാന മാര്‍ഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബര്‍ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമിഴ്ത്തി വക്കുകയോ അവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുകയോ വേണം. സ്വന്തം അധീനതയിലല്ലാത്ത ഇടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെയോ മെഡിക്കല്‍ ഓഫിസറുടെയോ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.


