എകരൂലിൽ സീബ്രാലൈനിൽ ബൈക്കിടിച്ച് വയോധികക്ക് പരിക്ക്
text_fieldsഎകരൂൽ ടൗണിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്ന വയോധികയെ ബൈക്കിടിച്ച് തെറിപ്പിച്ച സി.സി.ടി.വി ദൃശ്യം
എകരൂൽ: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് വയോധികക്ക് പരിക്ക്. ആദ്യകാല ചുമട്ടുതൊഴിലാളി എകരൂൽ പാറക്കൽ കമലക്കാണ് (65) പരിക്കേറ്റത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ എകരൂൽ ടൗണിൽ ഞായറാഴ്ച രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലക്കും തോളെല്ലിനും പരിക്കേറ്റ ഇവരെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ സീബ്രാലൈൻ മാഞ്ഞുതുടങ്ങിയ അവസ്ഥയിലാണ്. സംസ്ഥാന പാതയിൽ വാഹനങ്ങൾ കാൽനടക്കാരെ കണ്ട ഭാവം പോലും നടിക്കാതെ ചീറിപ്പായുകയാണ്. കുട്ടികളും വയോധികരുമാണ് ഏറെയും കഷ്ടപ്പെടുന്നത്. റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും ഡ്രൈവർമാരുടെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.