പട്ടികജാതി കുടുംബങ്ങൾക്ക് മെഴ്സി ഫൗണ്ടേഷൻ വയറിങ് പൂർത്തിയാക്കി നൽകും
text_fieldsഎകരൂൽ: വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ വൈദ്യുതി കണക്ഷനും റേഷൻ കാർഡും ലഭിക്കാതെ ദുരിതത്തിലായ പട്ടികജാതി കുടുംബങ്ങൾക്ക് സൗജന്യമായി വയറിങ് ചെയ്തുകൊടുക്കുമെന്ന് കപ്പുറം മെഴ്സി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ഉണ്ണികുളം ശിവപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കപ്പുറം മെഴ്സി ഫൗണ്ടേഷൻ
താമരശ്ശേരി താലൂക്കിൽ ഉണ്ണികുളം പഞ്ചായത്ത് ഇയ്യാട് ഒറ്റക്കണ്ടം വാർഡ് 20ൽ ചമ്മിൽ നാലു സെന്‍റ് ഉന്നതിയിലെ രവീന്ദ്രൻ, മാധവൻ എന്നിവരുടെ കുടുംബങ്ങൾ പട്ടയം കിട്ടാത്തതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വാർത്ത 'മാധ്യമം' ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ വയറിങ് പ്രവൃത്തി പൂർത്തീകരിച്ചാൽ വൈദ്യുതി കണക്ഷൻ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി ഉണ്ണികുളം സെക്ഷൻ ഓഫിസ് അസി. എൻജിനീയർ ഇ.എം. വിപിൻ 'മാധ്യമ' ത്തോട് പറഞ്ഞു.
ഇതേ തുടർന്നാണ് രണ്ടു കുടുംബങ്ങൾക്കും വയറിങ് പ്രവൃത്തി പൂർത്തീകരിച്ചുനൽകാൻ മെഴ്സി ഫൗണ്ടേഷൻ ഭാരവാഹികൾ തീരുമാനിച്ചത്. രണ്ടു ദിവസം കൊണ്ട് പ്രവൃത്തി തീർത്ത് വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം തന്നെ കണക്ഷൻ ലഭ്യമാക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ഇവരുടെ ഭൂമിക്ക് പട്ടയം ലഭ്യമാക്കാനുള്ള നിയമ സഹായങ്ങൾ നൽകാൻ വെൽഫെയർ പാർട്ടി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സംഘടനയായ ടീം വെൽഫെയറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


