എസ്.ഐ.ആർ; ഉണ്ണികുളം പഞ്ചായത്തിൽ മാത്രം 3266 വോട്ടർമാർ പുറത്ത്
text_fieldsഎകരൂൽ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ പുരോഗമിക്കവേ ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലുൾപ്പെടുന്ന ഉണ്ണികുളം പഞ്ചായത്തിൽ മാത്രം ഇതുവരെ 3266 വോട്ടർമാർ പുറത്ത്. 166 ാം നമ്പർ മുതൽ 202 വരെയുള്ള 37 ബൂത്തുകളിലായാണ് ഇത്രയും പേർ പട്ടികയിൽനിന്ന് പുറത്തായത്.കൂടുതൽ പേർ പുറത്തായത് ജി.എം.എൽ.പി സ്കൂൾ ഉണ്ണികുളം 187ാം നമ്പർ ബൂത്തിൽ - 186 പേർ. കുറവ് ജി.എച്ച്.എസ്.എസ് ശിവപുരം 195ാം നമ്പർ ബൂത്തിൽ 27 പേർ.
പുറത്താക്കപ്പെട്ടവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. ഇവരിൽ മരിച്ചവർ, ഇരട്ടിപ്പായി പട്ടികയിലുൾപ്പെട്ടവർ, സ്ഥിരമായി താമസം മാറിപ്പോയവർ, വീട് അടഞ്ഞുകിടക്കുന്നതിനാൽ കണ്ടെത്താനാവാത്തവർ തുടങ്ങിയവ ഉൾപ്പെടും.
2002ലെ പട്ടികയുമായി ഒത്തു ചേർക്കാനാവാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. ബോധ്യപ്പെട്ടാൽ നിലനിർത്തുകയും അല്ലാത്തപക്ഷം ഒഴിവാക്കുകയും ചെയ്യും. ഡിസംബർ 23ന് അന്തിമ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. ഡിസംബർ 23 മുതൽ ഹിയറിങ് ആരംഭിച്ച് ഫെബ്രുവരി 14 വരെ തുടരും. ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.


