ഉണ്ണികുളത്ത് ആറ് പ്രശ്നബാധിത ബൂത്തുകൾ
text_fieldsഎകരൂൽ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ണികുളം പഞ്ചായത്തിൽ ആറ് പ്രശ്ന ബാധിത പോളിങ് ബൂത്തുകൾ. ഉണ്ണികുളം ജി.യു.പി സ്കൂളിലെ രണ്ടു ബൂത്തുകൾ, എസ്റ്റേറ്റ് മുക്കിലെ രണ്ടു ബൂത്തുകൾ അടക്കമാണ് ആറെണ്ണം പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയിലുള്ളത്. പ്രശ്നബാധിതമായി കണ്ടെത്തിയ ബൂത്തുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സുരക്ഷ കർശനമാക്കും.
കൂടുതൽ പൊലീസ്, ദ്രുത കർമ സേനയെ പ്രശ്നബാധിത ബൂത്തുകളിൽ വിന്യസിക്കും. വോട്ടെടുപ്പിന്‍റെ തലേ ദിവസമായ ബുധനാഴ്ച മുതൽ ഇത്തരം ബൂത്തുകൾ പൊലീസ് നിരീക്ഷണത്തിലാകും. പ്രശ്നബാധിത ബൂത്തുകളിലെല്ലാം ഐ.ടി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കലക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസുകളിലെയും കൺട്രോൾ സെന്‍ററുകളിൽ ദൃശ്യങ്ങൾ തത്സമയം കാണാനാകും.
വൈദ്യുതി നിലച്ചാലും അഞ്ചു മണിക്കൂർ വരെ പ്രവർത്തിക്കുന്ന ബാറ്ററി ബാക് അപ് ഉള്ള കാമറകളാണ് കെൽട്രോണിന് വേണ്ടി ജില്ല അക്ഷയ സംരംഭങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത്.


