ജപ്തി ചെയ്ത വീടും ആയുർവേദ ആശുപത്രിയും കാടുമൂടി മാലിന്യം നിറഞ്ഞ നിലയിൽ
text_fieldsബാങ്ക് ജപ്തി ചെയ്ത വള്ളിയോത്ത് അമൃത ആയുർവേദ ആശുപത്രി കെട്ടിടം കാടുമൂടിയ നിലയിൽ
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ബാങ്ക് ജപ്തി ചെയ്ത വീടും ആയുർവേദ ആശുപത്രി കെട്ടിടവും കാടുകയറി പരിസരത്ത് മാലിന്യങ്ങൾ നിറഞ്ഞ് വൃത്തിഹീനമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വള്ളിയോത്ത് അങ്ങാടിക്കടുത്ത്, ചുറ്റും വീടുകളുള്ള ജനവാസകേന്ദ്രത്തിലാണ് അധികൃതരുടെ അനാസ്ഥകാരണം പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണി നേരിടുന്നത്. അമൃത ആയുർവേദ ആശുപത്രി കെട്ടിടവും വീടുമാണ് മാസങ്ങൾക്കു മുമ്പ് ഉണ്ണികുളം ഗ്രാമീണ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയത്.
ബാങ്കിന്റെ അനുവാദമില്ലാതെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് ശിക്ഷാർഹമാണെന്ന ബോർഡും സ്ഥാപിച്ചു. അതിനുശേഷം ബാങ്ക് അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഓടിട്ട കെട്ടിടം നിലംപൊത്തി പരിസരം ഇഴജന്തുക്കളുടെയും മൃഗങ്ങളുടെയും വാസകേന്ദ്രമായിരിക്കയാണ്.
വീട്ടുപരിസരത്തെ ചെടിച്ചട്ടികളെല്ലാം വെള്ളംനിറഞ്ഞ് കൊതുകുവളർത്തുകേന്ദ്രമായും മാറി. ദുർഗന്ധം വമിക്കുന്ന ഇവിടം വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. ആരോഗ്യവകുപ്പും ഈ കെട്ടിടത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.
മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതരെ വിവരമറിയിച്ചിട്ട് 10 ദിവസമായെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരിസരവാസികൾ പറഞ്ഞു. മഴക്കാലം തുടരവേ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് പരിഹാരം കാണാൻ ബാങ്ക് അധികൃതരും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.