Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right‘വിദ്യകൊണ്ട്...

‘വിദ്യകൊണ്ട് പ്രബുദ്ധരായി’ എലത്തൂർ

text_fields
bookmark_border
‘വിദ്യകൊണ്ട് പ്രബുദ്ധരായി’ എലത്തൂർ
cancel

കോഴിക്കോട്: ആനകുത്തിയാലും മാറാത്ത ഇടതുകോട്ടയായ എലത്തൂരിൽ മുതിർന്ന എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രന്റെ കുത്തക തകർത്ത കോൺഗ്രസിന്റെ യുവ സ്ഥാനാർഥി വിദ്യ ബാലകൃഷ്ണന്റെ വിജയം ഐതിഹാസികം. നിയമസഭ മണ്ഡലം രൂപപ്പെട്ടതുമുതൽ യു.ഡി.എഫ് പച്ചതൊടാത്ത എലത്തൂരിൽ പോൾ ചെയ്ത 1,74,047 വോട്ടുകളിൽ 77662 വോട്ടു നേടിയ വിദ്യബാലകൃഷ്ണൻ 12162 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുകുത്തകക്ക് വിള്ളൽ വീഴ്ത്തി മിന്നും വിജയം നേടിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നിൽ പോകാതെ മുന്നേറിയ വിദ്യ കക്കോടിയിൽ മാത്രമാണ് 362 വോട്ടിന് എ.കെ. ശശീന്ദ്രന് പിന്നിലായത്. 2021ൽ എ.കെ. ശശീന്ദ്രൻ നേടിയ 38502 വോട്ടിന്റെ ഭൂുരിപക്ഷം മറികടക്കാൻ യു.ഡി.എഫ് വോട്ടുകൾക്ക് പുറമെ തലക്കുളത്തൂർ, കക്കോടി, നന്മണ്ട, എലത്തൂർ, കാക്കൂർ, കുരുവട്ടൂർ, ചേളന്നൂർ എന്നിവിടിങ്ങളിലെ പരമ്പരാഗത ഇടതുപക്ഷ വോട്ടുകൾ നേടാനായതാണ് വിദ്യയുടെ വിജയത്തിന് നിറമേകിയത്.

എ.കെ. ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ തുടക്കംമുതലേ ഉടലെടുത്ത വിവാദങ്ങൾക്ക് പരിസമാപ്തി കൂടിയായി വിദ്യയുടെ വിജയം. ഇടതുപക്ഷത്തിനുപുറമെ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയത്തിനായി നാടിളക്കി പ്രചാരണം നടത്തിയ ബി.ജെ.പി സ്ഥാനാർഥിയുടെ വോട്ടുകൂടി നേടാനായി എന്നതും വിദ്യയുടെ മാജിക് പെർഫോമൻസായി വിലയിരുത്തുകയാണ്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ സ്ഥാനാർഥി ടി.പി. ജയചന്ദ്രൻ മാസ്റ്റർ 32010 വോട്ട് നേടിയെങ്കിൽ ഇത്തവണ ബി.ജെ.പി സ്ഥാനാർഥി ടി. ദേവദാസിന് ലഭിച്ചത് 31510 വോട്ടുകൾ മാത്രമാണ്. എലത്തൂരിൽ ബി.ജെ.പിയുടെ 500 വോട്ട് കുറക്കാനായതും വിദ്യയുടെ വിജയമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ച ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കനത്ത വിള്ളലുണ്ടാക്കിയതും ഏറെ ശ്രദ്ധേയമായി. എലത്തൂർ മണ്ഡല ചരിത്രത്തിൽ ആദ്യമായി കൈപ്പത്തി ചിഹ്നവുമായി യു.ഡി.എഫ് സ്ഥാനാർഥിയായി വിദ്യാബാലകൃഷ്ണൻ എത്തിയപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് പ്രസക്തിയുണ്ടായെന്നു മാത്രമല്ല, ജില്ലയിലെ ഏക വനിത കോൺഗ്രസ് സ്ഥാനാർഥി കൂടിയായി. ഇപ്പോൾ എം.ടി. പത്മക്കുശേഷം ജില്ലയിൽനിന്നുള്ള ആദ്യ വനിത കോൺഗ്രസ് എം.എൽ.എ പദവിയും വിദ്യാബാലകൃഷ്ണനെ തേടിയെത്തിരിക്കുകയാണ്.

കഴിഞ്ഞകാലങ്ങളിലൊന്നും യു.ഡി.എഫ് സ്ഥാനാർഥികൾക്കും യു.ഡി.എഫിനും ഇല്ലാത്ത ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രവർത്തകർ പടക്കളത്തിൽ ഇറങ്ങിയത്. 2011ൽ എലത്തൂർ നിയമസഭാ മണ്ഡലം രൂപപ്പെട്ടതുമുതൽ കോൺഗ്രസിന് സ്വന്തം സ്ഥാനാർഥികളെ ലഭിക്കാത്തതിനാൽ പ്രവർത്തകർക്ക് അമർഷം ഏറെയായിരിക്കെയാണ് ഇത്തവണ കെ.പി.സി.സി ജനറൽ സെക്രട്ടറി തന്നെ സ്ഥാനാർഥിയാകുന്നത്. മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൽ.ഡി.എഫിലും സി.പി.എമ്മിലും ശശീന്ദ്രന്റെ തന്നെ പാർട്ടിയായ എൻ.സി.പിയിലും അതൃപ്തി മറനീക്കി പുറത്തുവന്ന വേളയിൽ വിദ്യാബാലകൃഷ്ണന്റെ സ്ഥാനാർഥിത്വം ഏറെ ശ്രദ്ധനേടി. തുടർച്ചയായി എ.കെ. ശശീന്ദ്രൻ മത്സരിച്ചതും പ്രായവും ശശീന്ദ്രനെതിരെ ഉയർന്ന വികാരമായിരുന്നു. ശശീന്ദ്രൻ മത്സരിച്ചാൽ സി.പി.എം അനുഭാവികളുടെയും പ്രവർത്തകരുടെയും വോട്ടുമാറ്റം ഉണ്ടാകുമെന്ന റിപ്പോർട്ട് ജില്ല കമ്മിറ്റിക്കു മുമ്പാകെ എത്തിയതും എൻ.സി.പി ജില്ല കമ്മിറ്റി എ.കെ. ശശീന്ദ്രൻ മാറിനിൽക്കണമെന്ന് പ്രമേയം പാസാക്കിയതും ചെവിക്കൊള്ളാത്തത് വോട്ടർമാരെ വിദ്യയിലൂടെ പ്രബുദ്ധമാക്കാനുള്ള അവസരമാക്കി മാറ്റി.

മത്സരാർഥികളിലെ പ്രായക്കുറവും കർമശേഷിയും യുവത്വത്തെ ആകർഷിക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തോടെ തിരിച്ചറിഞ്ഞിരുന്നു. സി.പി.എം പ്രവർത്തകരും അനുഭാവികളും നൽകിയ സൂചന പരിഗണിക്കാത്തതും എൽ.ഡി.എഫിന് തിരിച്ചടിയായി. സി.പി.എമ്മിനെതിരെ ഒരക്ഷവും മിണ്ടാതെ പ്രചാരണ രംഗത്ത് സജീവമായത് എലത്തൂരിലെ മാറ്റത്തിനുള്ള വോട്ടുകൂട്ടാൻ കാരണവുമായി.

എ.കെ. ശശീന്ദ്രനെ തുണച്ചത് കക്കോടി മാത്രം; ഭൂരിപക്ഷം 362

കക്കോടി: ഇടതുപക്ഷകോട്ടയായ എലത്തൂരിൽ യു.ഡി.എഫിന് കക്കോടി ഒഴികെ എല്ലാ പഞ്ചായത്തിലും മുന്നേറ്റം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് നടാടെ പഞ്ചായത്ത് ഭരണം പിടിച്ച യു.ഡി.എഫ് ഭരണത്തിന് കീഴിലുള്ള തലക്കുളത്തൂരിൽ വിദ്യ ബാലകൃഷ്ണന് 1790 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ഇത്തവണ യു.ഡി.എഫ് ഭരണം പിടിച്ചെടുത്ത നന്മണ്ടയിലും എ.കെ. ശശീന്ദ്രനേക്കാൾ വിദ്യബാലകൃഷ്ണന് 910 വോട്ടിന്റെ ലീഡ് ലഭിച്ചു. ഇടതുപക്ഷം ഭരിക്കുന്ന കാക്കൂർ പഞ്ചായത്തിൽ 2434 വോട്ടിന്റെ ഭൂരിപക്ഷം വിദ്യ ബാലകൃഷ്ണന് നേടാനായി. യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്ത ചേളന്നൂർ പഞ്ചായത്തിൽ വിദ്യ ബാലകൃഷ്ണന് 1889 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആറു ഡിവിഷനുകൾ ഉൾപ്പെട്ട എലത്തൂർ കോർപറേഷൻ ഡിവിഷനിൽ 1651 വോട്ട് അധികം വിദ്യ ബാലകൃഷ്ണന് ലഭിച്ചു. എൽ.ഡി.എഫ് കുത്തക കൈയാളുന്ന കക്കോടി പഞ്ചായത്തിൽ എ.കെ. ശശീന്ദ്രന് 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുത്ത കുരുവട്ടൂർ പഞ്ചായത്തിൽ 3579 വോട്ടിന്റെ ഭൂരിപക്ഷമാണ് വിദ്യ ബാലകൃഷ്ണൻ നേടിയത്.

Show Full Article
TAGS:Elathur constituency Historic victory youth congress leader LDF Elections Defeat 
News Summary - Elathur 'Enlightened by knowledge'
Next Story