ഒഴിച്ചിട്ട വീട്ടിൽ കയറിക്കൂടി ആന; പിടിക്കാൻചെന്ന സംഘത്തെ വിരട്ടിയോടിച്ചു
text_fieldsകുറ്റ്യാടി: ആക്രമണം നടത്തുന്ന കുട്ടിയാനയെ പിടികൂടാൻ നാടൊന്നടങ്കം തിരയുന്നതിനിടയിൽ ഒഴിച്ചിട്ട വീട്ടിൽ ആന കയറിക്കൂടിയ നിലയിൽ കണ്ടെത്തി. പിടികൂടാനെത്തിയ സംഘത്തെ ആന വിരട്ടിയോടിച്ചു. രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ എലഫന്റ് സ്ക്വാഡിൽപ്പെട്ട ഒരാൾ വീണ് പരിക്കേറ്റു. മേലെ കരിങ്ങാട് ഉണിക്കന്റവിട സുരേന്ദ്രന്റെ വീട്ടിലാണ് ആനയെ കണ്ടെത്തിയത്. ഏതാനും ദിവസമായി സ്ഥലത്തില്ലാത്ത സുരേന്ദ്രൻ, നാട്ടിൽ ആനയിറങ്ങിയ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു. അപ്രതീക്ഷിതമായി വീട്ടിനുള്ളിൽ ആനയെ കണ്ട് സുരേന്ദ്രൻ ഓടി രക്ഷപ്പെട്ട് വനംവകുപ്പ് സംഘത്തെ വിവരമറിയിച്ചു.
സംഘം വീട്ടിനടുത്തെത്തിയതോടെ ആന ഇവർക്കുനേരെ പാഞ്ഞടുത്തു. കരീം എന്ന സ്ക്വാഡ് അംഗത്തെയാണ് ആന ഓടിച്ചു വീഴ്ത്തിയത്. കാലിന് ക്ഷതമേറ്റ ഇയാളെ സംഘാംഗങ്ങൾ താങ്ങിയെടുത്ത് പുറത്തെത്തിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവശേഷം മേൽഭാഗത്തുള്ള ‘ലഡാക്കി’ൽ ഇഞ്ചികൃഷി നടത്തുന്ന സ്ഥലത്തേക്ക് കയറിപ്പോയി. ആനയെ പിടികൂടാനുള്ള നാട്ടുകാരുടെയും വനംവകുപ്പ് സംഘത്തിന്റെയും നാലാമത്തെ ശ്രമമാണ് നടപ്പാവാതെപോയത്. ആനയെ മയക്കുവെടിവെക്കാനുള്ള ഡോക്ടർമാരും കയറ്റിക്കൊണ്ടുപോകാനുള്ള വാഹനവും സജ്ജമാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടുകാർ ചൂരണിയിൽ ആനയെ തടഞ്ഞുവെച്ച് വനം വകുപ്പിനെ അറിയിച്ചത്. എന്നാൽ, മയക്കുവെടിവെക്കുന്ന ഡോക്ടർക്കും എലഫന്റ് സ്ക്വാഡിനും എത്തിപ്പൊടനായില്ല. പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കുട്ടിയാനയുടെ ആക്രമണത്തിലും രക്ഷപ്പെടാനുള്ള ശ്രമത്തിൽ വീണും ആറുപേർക്ക് പരിക്കേറ്റിരുന്നു.