Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത് കോ​ടി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ

text_fields
bookmark_border
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത് കോ​ടി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ
cancel

കോഴിക്കോട്: ജനകീയാസൂത്രണ പദ്ധതികളിലൂടെ ലഭിച്ച പദ്ധതി രൂപവത്കരണ സ്വാതന്ത്ര്യം അശാസ്ത്രീയമായും ചട്ടവിരുദ്ധമായും നടപ്പാക്കിയതിലൂടെ പഞ്ചായത്തുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ. തെറ്റായി സൃഷ്ടിക്കപ്പെട്ട നിഷ്‌ക്രിയ ആസ്തികളുടെ കണക്കെടുപ്പ് ഒരു തലത്തിലും നടക്കാത്തതിനാൽ ഇവയെ കുറിച്ചുള്ള കണക്കുകൾ ഒരിടത്തും ലഭ്യവുമല്ല.

ഒരു പദ്ധതിയുടെ ഫോർവേഡ് ആൻഡ് ബാക് വേഡ് ലിങ്കേജുകളെക്കുറിച്ച് ആവശ്യമായ ഹോംവർക്ക് ചെയ്യാതെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വൻതുക മുടക്കി വാങ്ങിക്കൂട്ടുന്ന യന്ത്രസാമഗ്രികളാണ് ഇപ്രകാരം തുരുമ്പെടുത്ത് നശിക്കുന്നത്. ഇതോടൊപ്പം ഇവ സ്ഥാപിക്കുന്നതിനായി നിർമിക്കപ്പെട്ട കെട്ടിടങ്ങളും കോമ്പൗണ്ടും കാടുകയറി നശിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സർക്കാറിന്റെ സ്വപ്നപദ്ധതിയായ ലൈഫ് സമ്പൂർണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി സിമൻറ് ഹോളോബ്രിക്‌സ് നൽകുന്നതിനായുള്ള യൂനിറ്റുകൾ നിർമിക്കുന്നതിന് വാങ്ങിക്കൂട്ടിയ യന്ത്രസാമഗ്രികളാണ് ഇവയിൽ കൂടുതലും.

കെട്ടിടങ്ങളിൽ സ്ഥാപിച്ചവയും അല്ലാതെ തുറന്ന സ്ഥലത്ത് കിടക്കുന്നവയും ഇതിൽ ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്തുകൾ സ്വന്തംനിലക്കും ഗ്രാമപഞ്ചായത്തുകൾക്കുവേണ്ടി ബ്ലോക്ക് പഞ്ചായത്തുകളും ഇപ്രകാരം യന്ത്രസാമഗ്രികൾ വാങ്ങി. ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമില്ലായെന്നറിയിച്ചിട്ടും ഗ്രാമ പഞ്ചായത്തുവക സ്ഥലങ്ങളിൽ കൊണ്ടെത്തിച്ച് തലയൂരിയ ബ്ലോക്ക് പഞ്ചായത്തുകൾ നിരവധിയാണ്.

കെട്ടിടം നിർമിച്ച് യന്ത്രസാമഗ്രികൾ എല്ലാം സ്ഥാപിച്ച് ത്രീ ഫേസ് വൈദ്യുതി കണക്ഷനും എടുത്തശേഷം ഒരു ദിവസം പോലും പ്രവർത്തിക്കാതെ കാടുകയറി കിടക്കുന്ന യൂനിറ്റുകൾ സംസ്ഥാനത്ത് നിരവധിയാണ്. ഇതുപോലെ ഭൂപ്രകൃതിയും മണ്ണിൻ്റെ ഘടനയും ഒന്നും മനസ്സിലാക്കാതെ ആവശ്യത്തിലധികം കാർഷികയന്ത്രങ്ങൾ വാങ്ങിയ ശേഷം അവ ഏതെങ്കിലും തട്ടിക്കൂട്ട് കാർഷിക സംഘങ്ങൾക്ക് നൽകി കൈകഴുകിയ ബ്ലോക്ക് പഞ്ചായത്തുകളും നിരവധിയാണ്. എന്നാൽ ട്രാക്ടർ, പവർ ടില്ലർ, മിനി ടില്ലർ എന്നിവ എവിടെയാണെന്നുപോലും ആർക്കും അറിയാത്ത അവസ്ഥയാണ്.

ഇതുപോലെ ജനകീയാസൂത്രണത്തിൽ മാതൃകയായി സമ്മാനം വാങ്ങിയ ഇന്നവേറ്റിവ് പ്രോജക്ടുകൾ എന്ന പേരിൽ തട്ടിക്കൂട്ടിയ സ്വപ്നപദ്ധതികൾക്കായി ചെലവഴിച്ച ലക്ഷങ്ങളും അവക്കായി വാങ്ങിക്കൂട്ടിയ വാഹനങ്ങളും യന്ത്രസാമഗ്രികളും കെട്ടിടങ്ങളും ഒരു ഉപയോഗവുമില്ലാതെ നശിക്കുകയാണ്.

കഴിഞ്ഞ 10 വർഷം തദ്ദേശഭരണ വകുപ്പ് ഇത്തരത്തിൽ നടപ്പാക്കിയതിലൂടെ സൃഷ്ടിക്കപ്പെട്ട നിഷ്‌ക്രിയ ആസ്തികളെക്കുറിച്ച് ഒരു സമഗ്ര ഓഡിറ്റ് നടത്തി ഇവ തിട്ടപ്പെടുത്തി ഉപകരണങ്ങൾ വിലക്ക് വിൽക്കുകയും കെട്ടിടങ്ങൾ വാടകക്ക് നൽകുകയും ചെയ്താൽ സർക്കാറിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകും എന്ന അഭിപ്രായം ശക്തമാണ്. ഗ്രാമ പഞ്ചായത്തുകളിൽ സെക്രട്ടറിമാരായിരുന്നവർ അതു കഴിഞ്ഞ് പെർഫോമൻസ് ഓഡിറ്റ് യൂനിറ്റുകളിലും വകുപ്പ് സംയോജനത്തിലൂടെ ഇന്റേണൽ വിജിലൻസ് ഓഫിസർമാരായും എത്തിയതോടെ ഇപ്രകാരമുള്ള ധനദുർവിനിയോഗ വിഷയങ്ങൾ മറച്ചുവെക്കുന്നതിനും നിഷ്‌ക്രിയ ആസ്തികൾ മൂടിവെക്കുന്നതിനും സഹായകരമായി.

Show Full Article
TAGS:equipment local bodies Kozhikkode News news 
News Summary - Equipment worth crores is being destroyed by rust in local establishments
Next Story