കനത്ത ചൂട്; കക്കയം ഡാമിലെ ജലനിരപ്പ് താഴുന്നു
text_fieldsകനത്ത വേനലിൽ കക്കയം ഡാമിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ
ബാലുശ്ശേരി: വേനൽ കനത്തതോടെ കക്കയം ഡാം റിസർവോയറിൽ ജലനിരപ്പ് താഴ്ന്നു. ജലനിരപ്പ് 2451.9 അടിയായി. കനത്ത ചൂടിൽ ഡാമിൽ ദിനംപ്രതി ഒരടി വെള്ളമാണ് താഴ്ന്നു കൊണ്ടിരിക്കുന്നത്. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്കായി വെള്ളം സംഭരിക്കുന്ന ഡാമാണിത്. 33.98 ദശ ലക്ഷം ക്യുബിക് മീറ്റർ ജലസംഭരണശേഷിയുള്ള ഡാം റിസർവോയറിൽ 11.73 ദശലക്ഷം ക്യു ബിക് മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. 758.04 മീറ്റർ പരമാവധി ജലസംഭരണപരിധിയുള്ള ഡാമിൽ 10.27 മീറ്റർ താഴെയാണ് ജലനിരപ്പ്.
വൈദ്യുതോത്പാദനം തടസ്സമില്ലാതെ നടക്കാനായി വയനാട് ജില്ലയിലെ ബാണാസുരസാഗർ ഡാമിൽനിന്ന് ടണൽ വഴി കക്കയത്തേക്ക് വെള്ളമെത്തിക്കുന്നുണ്ട്. 0.85 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇങ്ങനെ തുറന്നുവിടുന്നത്. ബാണാസുര സാഗർ ഡാമിലെ വെള്ളവും പാടേ താഴ്ന്നു കഴിഞ്ഞു. കക്കയത്ത് രാത്രി കാലത്ത് മാത്രമാണ് ഇപ്പോൾ വൈദ്യുൽപാദനം. മേയ് മാസം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം കക്കയം ഡാം റിസർവോയറിലുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.


