അന്തർ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ
text_fieldsഫറോക്ക്: അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ചന്തക്കടവിലെ ക്വാട്ടേഴ്സിൽനിന്ന് മൊബൈൽ ഫോണും പണവും അപഹരിച്ച മോഷ്ടാവ് പിടിയിൽ. നിലമ്പൂർ കരുളായി അമരമ്പലം പനങ്ങാടൻ പി. അബ്ദുൽ റഷീദിനെ (43) ആണ് ഫറോക്ക് ഡിവിഷൻ അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും രണ്ട് വാച്ചുകളും കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം പോയത്. ഞായറാഴ്ച രാവിലെ നാലിന് നിലമ്പൂരിലെ ലോഡ്ജിൽനിന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതിയുടെ കൈയിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ബാക്കിയുള്ളവ വിൽപന നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം മറ്റു ഫോണുകൾ കണ്ടെത്തും.
ഇയാൾ ഇതിനുമുമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞും പൊലീസാണെന്നും പറഞ്ഞ് പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. അന്തർ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് മലപ്പുറം, തൃശൂർ ജില്ലകളിൽ പ്രതിക്കെതിരെ 13 കേസുകൾ നിലവിലുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ഫോണുകൾ അപഹരിക്കുന്നത് ഇയാളുടെ സ്ഥിരം ശൈലിയാണ്. പെട്ടെന്ന് പൊലീസിലേക്ക് പരാതി എത്തില്ല എന്നതുകൊണ്ടാണ് ഇത്തരം മോഷണം പതിവാക്കിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മിക്ക സ്ഥലങ്ങളിലും ഇയാൾ ഹെൽത്ത് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞ് നടക്കാറുള്ളതിനാൽ 'ഹെൽത്ത് റഷീദ് 'എന്ന പേരിലാണ് അറിയപ്പെടുന്നത്.