ഓവുചാൽ നിർമാണം; മതിലിടിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
text_fieldsഫറോക്ക് ചുങ്കം മാർക്കറ്റ് റോഡിൽ തോട്ടുപാടത്ത് ഓവുചാൽ നിർമാണത്തിനിടെ തകർന്ന ചുറ്റുമതിൽ
ഫറോക്ക്: ഓവുചാൽ നിർമാ പ്രവൃത്തികൾക്കിടെ സമീപത്തെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബിഹാർ സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു. മുഹമ്മദ് ജബീർ (38), ശിഹാബുദ്ദീൻ (28), ആലം (32), മെഹബൂബ് (34), മുഹമ്മദ് നയിം (32) എന്നിവരെ ചുങ്കം ക്രസന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുങ്കം മാർക്കറ്റ് റോഡിൽ തോട്ടുപാടം ഭാഗത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12.45 നാണ് അപകടം.
ഓവുചാലിന്റെ ഇരുഭാഗവും കല്ലുപയോഗിച്ച് കെട്ടി ഉയർത്തിയതിനു ശേഷം മുകളിൽ കോൺക്രീറ്റ് സ്ലാബ് വിരിക്കുന്ന നഗരസഭയുടെ പ്രവൃത്തികൾക്കിടയിലാണ് അപകടം. മാളിയേക്കൽ ഫസലുറഹ്മാന്റെ വീടിന്റെ വടക്കുഭാഗത്തുള്ള മതിൽ കെട്ടിനടുത്തുകൂടിയാണ് ഓടനിർമാണം. ഈ മതിലിന്റെ അടിത്തറ താങ്ങിനിർത്തുന്ന കരിങ്കൽകെട്ട് യന്ത്രം ഉപയോഗിച്ച് പൊട്ടിച്ചെടുക്കുന്നതിനിടയിൽ നാലടി പൊക്കത്തിലുള്ള ചെങ്കൽ മതിൽ നിലംപൊത്തുകയായിരുന്നു.
തൊഴിലാളികൾ കല്ലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഫറോക്ക് പൊലീസ് മീഞ്ചന്ത ഫയർഫോഴ്സിൽ വിവരമറിയിച്ചതനുസരിച്ച് അസി. സ്റ്റേഷൻ ഓഫിസർമാരായ ഇ. ശിഹാബുദ്ദീൻ, എൻ. ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷസേന സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും മുസ്‍ലിം ലീഗ് ഡിവിഷൻ പ്രസിഡന്റ് നാസർ കൊടപ്പനക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തൊഴിലാളികളെ രക്ഷപെ്പടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തകർന്ന മതിലിനടിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അഗ്നിരക്ഷസേനാംഗങ്ങൾ തിരിച്ചുപോയത്.


