ജങ്കാർ നടത്തിപ്പ്; ലേലസംഖ്യ നാലിരട്ടി വർധിച്ചു; ടെൻഡറിൽ തിരിമറി
text_fieldsഫറോക്ക്: ചാലിയം-ബേപ്പൂർ കടവിൽ അഞ്ചുവർഷത്തേക്ക് ജങ്കാർ സർവിസ് നടത്താൻ ടെൻഡർ നൽകിയപ്പോൾ കഴിഞ്ഞ തവണത്തെക്കാളും നാല് ഇരട്ടിയിലധികം ലേല തുക വർധിച്ചു. അതേസമയം, ടെൻഡർ നടപടികളിൽ വ്യാപക കൃത്രിമം നടന്നതായി ആക്ഷേപമുയരുകയും ചെയ്തു. സ്വന്തമായി ജങ്കാറുകൾ ഉള്ളവർ അതിന്റെ സാക്ഷ്യപത്രവും മറിച്ച് വാടകക്കെടുത്ത് സർവിസ് നടത്തുന്നവരാണ് ലേലത്തിൽ പങ്കെടുക്കുന്നതെങ്കിൽ എഗ്രിമെന്റിന്റെ ശരിപ്പകർപ്പോ ടെൻഡറിന് മുമ്പായി ഹാജരാക്കണമെന്നുള്ള നിബന്ധന പാലിച്ചില്ല.
നിലവിൽ സർവിസ് നടത്തുന്നവർ ചട്ടം പാലിച്ച് ടെൻഡറിൽ പങ്കെടുക്കുകയും മറ്റു കമ്പനികൾ നടപടികൾ പാലിക്കാതെ പങ്കെടുക്കുകയും ചെയ്തത് ചോദ്യം ചെയ്തെങ്കിലും അധികൃതർ അവഗണിച്ചതായും പരാതിയുണ്ട്. സ്വന്തമായി ജങ്കാർ ഇല്ലാത്ത കമ്പനിക്ക് അടുത്ത അഞ്ചുവർഷത്തേക്ക് ടെൻഡർ ഉറപ്പിച്ചതാണ് വിവാദമായത്. നിലവിൽ സർവിസ് നടത്തുന്നവർ ഉൾപ്പെടെ മൂന്ന് കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിരുന്നു.
മാസം 1,65,000 രൂപക്ക് ലേലം ഉറപ്പിച്ച കമ്പനി, ജങ്കാർ സർവിസ് നടത്താൻ മൂന്നുമാസം സമയം നീട്ടി ആവശ്യപ്പെട്ടതോടെയാണ് തിരിമറി വെളിച്ചത്തായത്. നിലവിൽ സർവിസ് നടത്തുന്നവർ 1,64,000 വരെ വിളിച്ചുവെങ്കിലും 1000 കൂടുതൽ വിളിച്ചവർക്ക് ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം ലേലത്തുകയായി ലഭിച്ചതിന്റെ നാല് ഇരട്ടിയിലധികം വരും ഇത്തവണത്തെ ലേലസംഖ്യ. കഴിഞ്ഞ തവണ പ്രതിമാസം 38,500 രൂപയായിരുന്നു ലേലസംഖ്യ. അതേ സമയം, നിലവിലെ കരാറുകാർക്ക് ജനുവരി 31നു കാലാവധി അവസാനിക്കാനിരിക്കെ അടുത്ത മൂന്നു മാസം ജങ്കാർ സർവിസ് മുടങ്ങാനാണ് പുതിയ ടെൻഡർ ഉറപ്പിച്ചതുമൂലം വഴിയൊരുങ്ങുന്നത്.
ടെൻഡർ നടപടികൾ സുതാര്യമായാണ് നടന്നതെന്നും മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും പഞ്ചായത്തിന് വരുമാനം വർധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി ആർ. രമണൻ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് അംഗീകാരം നൽകിയാൽ മാത്രമേ ടെൻഡർ നടപടി സ്ഥിരപ്പെടുത്തുകയുള്ളൂവെന്നും സെക്രട്ടറി അറിയിച്ചു.