ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ റിമാൻഡിൽ
text_fieldsമിദ്ലാജ്
ഫറോക്ക്: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്നയാൾ റിമാൻഡിൽ. മലപ്പുറം വള്ളുവങ്ങാട് മഞ്ചപ്പള്ളി വീട്ടിൽ മിദ്ലാജിനെ (19)യാണ് നല്ലളം പൊലീസ് അറസ്റ്റുചെയ്തത്.
2023 ഡിസംബറിൽ കുണ്ടായിത്തോട് സ്വദേശിനിയായ യുവതിക്ക് ട്രെലിഗ്രാം, വാട്സ്ആപ് പ്ലാറ്റ്ഫോമുകൾ വഴി പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്യുകയും വ്യാജ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിപ്പിക്കുകയും ബിറ്റ്കോയിൻ ട്രേഡിങ് ടാസ്ക് നടത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 17,56,828 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയാണ് മിദ്ലാജ്.
വിദേശത്തേക്ക് മുങ്ങിയ പ്രതിക്കെതിരെ നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയയുടൻ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവെച്ചു. നല്ലളം പൊലീസ് ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ സുനിൽ, സി.പി.ഒ ഷഫീൻ എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.