ഇടയില്ല, കുത്തില്ല... എഴുന്നള്ളത്തിനൊരുങ്ങി ഫൈബർ കൊമ്പൻ
text_fieldsചട്ടങ്ങളില്ലാത്ത കരിവീരൻ.... ശ്രീകണ്ഡേശ്വര ക്ഷേത്രത്തിൽ പൂജക്ക് ശേഷം പയ്യങ്കോട്ടുപുരം ശ്രീ മുരുകനെന്ന ഫൈബർ ആനയെ ലോറിയിൽ കയറ്റുന്നു ചിത്രം ബിമൽ തമ്പി
കോഴിക്കോട്: പത്തര അടിയോളം ഉയരത്തിൽ ചെവിയാട്ടി കുമ്പകുലുക്കി നിൽക്കുന്ന ഫൈബർ കൊമ്പന് ജീവനില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ജീവനുള്ള ആനയുടെ അതേ ഗാംഭീര്യം, തലയെടുപ്പ്, നിരയൊത്ത കൊമ്പുകളും തുമ്പിക്കൈയും. പക്ഷേ, പേടി ഒട്ടും വേണ്ട. തുമ്പിക്കൈയിൽ പിടിക്കുകയോ പുറത്തുകയറിയിരിക്കുകയോ ചെയ്യാം. ആന ഇടയുമെന്നോ കുത്തുമെന്നോ പേടി വേണ്ട. മേളക്കാരനായ ശബരീഷും അഷ്ടപദി ഗായകനായ പ്രശോഭും ചേർന്നാണ് കോഴിക്കോട്ടേക്ക് ഇങ്ങനെയൊരു ഫൈബർ കൊമ്പനെ കൊണ്ടുവന്നിരിക്കുന്നത്. പറവൂരിലെ ആനമേക്കറാണ് ഫൈബർ ആനയെ നിർമിച്ചത്. തെച്ചിക്കോട്ടുകാവ് ശിവസുന്ദറിന്റെ അതേ ഗാംഭീര്യത്തോടെയും ആകാരവടിവോടെയും നിർമിച്ച ആനയുടെ പേര് പയ്യങ്കോടുപുരം ശ്രീമുരുകൻ എന്നാണ്.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച കോഴിക്കോടെത്തിയ ശ്രീമുരുകനെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ദേവന്റെ അനുഗ്രഹത്തിനായാണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് ഗണപതിക്ക് ഒരു മുട്ടിറക്കൽ. ശ്രീമുരുകൻ ഉത്സവത്തിനും എഴുന്നള്ളത്തിനും തയാറായിക്കഴിഞ്ഞു.
അഞ്ചുലക്ഷത്തോളം രൂപ മുടക്കിയാണ് ശബരീഷും പ്രശോഭും ഫൈബർ ആനയെ സ്വന്തമാക്കിയത്. കോഴിക്കോട്ടെ കാവുകളിലും അമ്പലങ്ങളിലെയും ആഘോഷവരവിനും വിവാഹത്തിനും ഇനി ശ്രീമുരുകനുമുണ്ടാകും. ആനയെ നിർത്തുന്ന സ്റ്റാൻഡടക്കം 11 അടിയാണ് ഉയരം. എഴുന്നള്ളത്തിന് തിടമ്പേറ്റി നിൽക്കുമ്പോൾ ആരും പറയും ഒറിജനലിനെ വെല്ലുമെന്ന്. വെഞ്ചാമരം, ആലവട്ടം, മുത്തുക്കുട, തിടമ്പ് എന്നിവയെല്ലാമായി നാലുപേർക്ക് ആനപ്പുറത്ത് കയറിയിരിക്കുകയും ചെയ്യാം. ബാറ്ററിയിലാണ് ഇവയുടെയെല്ലാം പ്രവർത്തനം. പക്ഷേ, തുമ്പിക്കൈ ആട്ടാൻ കുറേക്കൂടി ബുദ്ധിമുട്ടാണ്. ലിവർ പ്രവർത്തിപ്പിച്ചുവേണം തുമ്പിക്കൈ ചെലിപ്പിക്കാൻ.
പനമ്പട്ടയും ലിറ്റർ കണക്കിന് വെള്ളവും പാപ്പാനും തോട്ടിയും ഒന്നും വേണ്ടെങ്കിലും പെയ്ന്റിങ്, ബാറ്ററി, ലിവർ പ്രവർത്തിപ്പിക്കാനാവശ്യമായ ആളുകൾ എന്നിവയെല്ലാം വേണം ഫൈബർ ആനക്ക്. കോഴിക്കോട്ടെ ആഘോഷങ്ങളും ഉദ്ഘാടനങ്ങളും ഉത്സവങ്ങളും ഇനി ശ്രീമുരുകൻ കൈയടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.