Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെന്‍റ് പാട്രിക്സ്...

സെന്‍റ് പാട്രിക്സ് പള്ളിക്ക് പിന്നിലെ കെട്ടിടത്തിൽ തീപിടിത്തം; അജ്ഞാതൻ തീയിട്ടതെന്ന് പ്രാഥമിക നിഗമനം

text_fields
bookmark_border
സെന്‍റ് പാട്രിക്സ് പള്ളിക്ക് പിന്നിലെ കെട്ടിടത്തിൽ തീപിടിത്തം; അജ്ഞാതൻ തീയിട്ടതെന്ന് പ്രാഥമിക നിഗമനം
cancel
camera_alt

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിനു താഴെയുള്ള സെന്റ് പാട്രിക്സ് ചർച്ചിലെ ഫാദറിന്റെ കത്തിയ കാർ പൊലീസ് പരിശോധിക്കുന്നു

കോഴിക്കോട്: നഗരത്തിലെ സെന്‍റ് പാട്രിക്സ് ചർച്ചിന് പിന്നിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ കെട്ടിടവും പള്ളി വികാരിയുടെ കാറും പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തി അണച്ചതിനാൽ തീ പള്ളിയിലേക്ക് പടർന്നില്ല. അജ്ഞാതൻ തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. പുക ഉയരുമ്പോൾ ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ചെമ്മങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം. നഗരഹൃദയത്തിൽ പുഷ്പ ജങ്ഷന് സമീപം സ്ഥിതിചെയ്യുന്ന ചർച്ചിലെ മതബോധന ഓഫിസായി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ വീട്ടുകാരാണ് തീപിടിത്തം ശ്രദ്ധിച്ചത്. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയലുകളും പുസ്തകങ്ങളും വിളക്കും രൂപക്കൂടും അടക്കം പള്ളിയിലെ സാധന സാമഗ്രികൾ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം കത്തി നശിച്ചു. മുമ്പ് അച്ചൻമാർ താമസിച്ചിരുന്ന മേടയായിരുന്നു ഇത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടക്കുന്നതും താഴേക്ക് ചാടുന്നതുമെല്ലാം സി.സി.ടി വി ദൃശ്യങ്ങളിലുണ്ടെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വികാരി ഫാ. ആന്‍റണി പാലത്തറയിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ലത്തീൻ അതിരൂപതയുടെ കീഴിലെ ഈ പള്ളിയിൽ മുമ്പ് മോഷണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം ആദ്യമാണെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു.

Show Full Article
TAGS:Fire localnews Kozhikode 
News Summary - Fire breaks out in building behind St. Patrick's Church; initial conclusion is that an unknown person set the fire
Next Story