കേരളത്തിൽ മത്സ്യലഭ്യത കുറയുന്നു
text_fieldsകോഴിക്കോട്: കേരളതീരത്ത് മത്സ്യലഭ്യത കുറയുന്നതിൽ ആശങ്ക. കടലിൽ മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികൾ ഇന്ധനത്തിന് മുടക്കുന്ന തുകപോലും ലഭിക്കാതെ തിരികെവരേണ്ട അവസ്ഥയിലാണ്. മാസങ്ങളോളമായി ഭൂരിഭാഗം മത്സ്യത്തൊഴിലാളികൾക്കും തൊഴിലില്ലാതെ വീട്ടിലിരിക്കേണ്ടിയും വരുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ ബോട്ടുകൾ അധികവും കടലിൽ ഇറങ്ങുന്നില്ലെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ വ്യക്തമാക്കി. കടലിൽ 125 നോട്ടിക്കൽ മൈൽ അകലത്തിൽവരെയാണ് സാധാരണ ബോട്ടുകൾ മത്സ്യബന്ധനം നടത്തുക.
ഈ പരിധിയിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനത്തിന്റെയും (സി.എം.എഫ്.ആർ.ഐ) സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും കണക്കുകൾ മത്സ്യത്തൊഴിലാളികളുടെ വാദം ശരിവെക്കുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്ക് പ്രകാരം 2023-24 സാമ്പത്തിക വർഷം 5.87 ലക്ഷം ടൺ മത്സ്യമാണ് ലഭിച്ചത്. സി.എം.എഫ്.ആർ.ഐയുടെ കണക്ക് പ്രകാരം ഇത് 2023ൽ 6.33 ലക്ഷം ടണ്ണും 2022ൽ 6.87 ലക്ഷം ടണ്ണുമായിരുന്നു. 56000 ടണ്ണിൽ അധികം ഇടിവാണ് ആഭ്യന്തര ലഭ്യതയിൽ വന്നിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം കാരണമാണ് മത്സ്യലഭ്യത കുറയുന്നതെന്നാണ് സി.എം.എഫ്.ആർ.ഐ അടക്കമുള്ള ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. ചൂട് കൂടുതലുള്ള വെള്ളത്തിൽ മത്സ്യങ്ങൾ ഭക്ഷണമാക്കുന്ന സൂക്ഷ്മജീവികൾ നിലനിൽക്കില്ല. ഇത് മത്സ്യലഭ്യത കുറയാൻ ഇടയാക്കും. സൂക്ഷ്മജീവികൾ അധിവസിക്കുന്ന മേഖലകളിലേക്ക് മത്സ്യങ്ങളും മാറിയതാവാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇത്തരത്തിൽ സൂക്ഷ്മജീവികളുടെ അഭാവമാണ് സീസൺ കഴിഞ്ഞിട്ടും മത്തിക്ക് വളർച്ച ലഭിക്കാത്തതിന് കാരണമെന്നും ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ അഭിപ്രായപ്പെടുന്നു.
ചെറുകിട മത്സ്യത്തൊഴിലാളികളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത്. ഒരു വള്ളം കടലിൽ ഇറക്കാൻ ചുരുങ്ങിയത് 40000 രൂപ വേണം. എന്നാൽ, മത്സ്യബന്ധനം കഴിഞ്ഞ് തിരികെ എത്തുമ്പോൾ സാമ്പത്തിക ബാധ്യത മാത്രം മിച്ചമാവുന്ന അവസ്ഥയാണെന്നും തൊഴിലില്ലാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായിരിക്കുകയാണെന്നും കോഴിക്കോട്ടെ മത്സ്യത്തൊഴിലാളി നേതാവ് അബ്ദുൽറാസിഖ് പറഞ്ഞു. മത്സ്യലഭ്യത കുറയുന്നത് സംബന്ധിച്ച് സി.എം.എഫ്.ആർ.ഐ അധികൃതർ പഠനം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ മത്സ്യലഭ്യത
വർഷം അളവ് (ലക്ഷം ടൺ)
- 2024 - 5.87
- 2023 - 6.33
- 2022 - 6.87
- 2021 - 5.55
- 2020 - 3.61
- 2019 - 5.44
- 2018 - 6.43