ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങി, ഗ്രാമീണ റോഡുകളിൽ പൊടിപൂരം
text_fieldsപുന്നശ്ശേരി ആറോളിപ്പൊയിലിൽ പൈപ്പിടലിനായി
കുഴിയെടുത്ത നിലയിൽ
നന്മണ്ട: ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയതോടെ നന്മണ്ട, കാക്കൂർ ഭാഗങ്ങളിലെ ഗ്രാമീണ റോഡുകളിൽ മിക്കവയും പൊടിയിൽ മുങ്ങി. ടാറിട്ട റോഡിന്റെ വശങ്ങളിൽ കുഴിയെടുത്താണ് പൈപ്പിടൽ നടക്കുന്നത്. കുഴിയെടുക്കുമ്പോൾ കോരിയിട്ട മണ്ണുമൂലം വാഹനങ്ങൾ പോകുമ്പോൾ പൊടിപറക്കുകയാണ്. കാഞ്ഞിരത്തറ, കാരക്കുന്നത്ത്, പുന്നശ്ശേരി, രാമല്ലൂർ, ആനോട്ട്, ആറോളിപ്പൊയിൽ തുടങ്ങി വിവിധ ഭാഗങ്ങളിലെ റോഡുകൾ പൊടിയിൽ മുങ്ങിയിരിക്കുകയാണ്.
രാമല്ലൂർ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു
ഇതിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പിന്നാലെ എത്തുന്ന ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലാവുകയാണ്. കൂടാതെ റോഡരികിലെ കച്ചവടക്കാരെയും പൊടിശല്യം പ്രയാസത്തിലാക്കുന്നുണ്ട്. കുഴിയെടുത്തപ്പോൾ നീക്കം ചെയ്ത മൺകൂനകളും കല്ലുകളും മിക്കവയും പലയിടത്തെയും റോഡരികിലുമായുണ്ട്. കുഴിയെടുത്ത ഭാഗത്ത് വാഹനങ്ങൾ താഴ്ന്ന് അപകടസാധ്യതയും ഏറെയാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.