Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജിയോളജി വകുപ്പിനെതിരെ...

ജിയോളജി വകുപ്പിനെതിരെ ജില്ലയിൽ അഴിമതി ആരോപണം

text_fields
bookmark_border
ജിയോളജി വകുപ്പിനെതിരെ ജില്ലയിൽ അഴിമതി ആരോപണം
cancel

കോഴിക്കോട്: ജിയോളജി വകുപ്പിന്റെ കണ്ണടക്കലിൽ ജില്ലയിൽ അനധികൃത ഖനനവും അനുമതിയില്ലാത്ത സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ അനുമതിയില്ലാത്ത യാർഡുകൾ പ്രവർത്തിക്കുമ്പോഴും ജില്ല മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നോക്കുകുത്തിയാകുന്നു.

മെറ്റൽ, എം സാൻഡ്, പീസ് സാൻഡ്, ബോളർ എന്നിവ ഇറക്കി സ്റ്റോക്ക് ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഡീലേഴ്സ് ലൈസൻസ് ആവശ്യമാണെന്നിരിക്കെ പല സ്ഥാപനങ്ങൾക്കും പരിസ്ഥിതി ഘടകങ്ങൾ അനുകൂലമല്ലാത്തതിനാൽ ലൈസൻസ് നൽകിയിട്ടില്ല. എന്നാൽ, ഉന്നതർ ഉൾപ്പെടെ സമയാസമയങ്ങളിൽ ഇവിടെയെത്തി പരിശോധന നടത്തി കൈമടക്ക് സ്വീകരിച്ച് പോവുകയാണ്.

എരഞ്ഞിക്കലിൽ സ്കൂളിനോടനുബന്ധിച്ചുള്ള യാർഡ്, അന്നശ്ശേരി എന്നിവിടങ്ങളിലെ യാർഡുകൾ പ്രവർത്തിക്കുന്നതും വിവാദമായിരുന്നു. അത്തോളി കണ്ണിപ്പൊയിലിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് ബെഞ്ചുകൾ നിർമിക്കാതെ പ്രവർത്തനം നടത്തുന്നതും വിവാദത്തിനിടയാക്കി. ഇവിടത്തെ ബഫർ സോൺ മേഖലിയിൽ നിന്നടക്കം പാറപൊട്ടിച്ചിട്ടുണ്ട്. ഇഷ്ടക്കാർക്ക് ഏതു വീട്ടുവിഴ്ചക്കും വകുപ്പിലെ ഉന്നതർ തയാറാണെന്നാണ് ആക്ഷേപം.

പെർമിറ്റ് നൽകിയതിൽ കവിഞ്ഞുള്ള ഖനനത്തിന് മൗനസമ്മതം നൽകുകയും പിന്നീട് അനധികൃത ഖനനം കാണിച്ച് കൂറ്റൻ പിഴ ചുമത്തുകയും അദാലത്തിലെത്തിച്ച് കൈക്കൂലി വാങ്ങി ചെറിയ തുക പിഴ ചുമത്തുകയും ചെയ്യുന്നുവെന്ന ആക്ഷേപം ക്വാറി ഉടമകൾ പങ്കുവെച്ചിരുന്നു. രണ്ട് വർഷം മുമ്പ് അനധികൃതമായി ഖനനം നടത്തിയതിന് ജില്ലയിലെ പ്രമുഖ ക്വാറിയിൽനിന്ന് കല്ലിന്റെ വിലയും പിഴയുമടക്കം 12 കോടിയോളം അടക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല ജിയോളജിസ്റ്റ് നോട്ടിസ് നൽകിയി. എന്നാൽ, അദാലത്തിൽ അത് ഒന്നര കോടിയോളമായി ചുരുങ്ങി. ബിനാമി ഇടപാടിലൂടെ ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത് വൻ തുകകളാണെന്നത് പരസ്യമായ രഹസ്യമാണ്.

Show Full Article
TAGS:Geology Department District corruption allegation Kozhikode News 
News Summary - ജിയോളജി വകുപ്പിനെതിരെ ജില്ലയിൽ അഴിമതി ആരോപണം
Next Story