സർക്കാർ കൈയൊഴിഞ്ഞു; ചികിത്സ തേടി തലാസീമിയ രോഗികൾ സംസ്ഥാനം വിടുന്നു
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ജീവൻരക്ഷാമരുന്നോ ഫിൽട്ടർ സെറ്റോ നൽകാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ സംസ്ഥാനത്തെ തലാസീമിയ രോഗികൾ ചികിത്സക്കായി സംസ്ഥാനം വിട്ടുപോകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലും കണ്ണൂർ, കാസർകോട് ജില്ലകളിലുമുള്ള രോഗികളാണ് സംസ്ഥാനം വിട്ടുകൊണ്ടിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യത്തോടെ ചെന്നൈയിൽ രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും മുടങ്ങാതെ നൽകാൻ പ്രത്യേകം നടപടിയെടുത്തിട്ടുണ്ട്.മംഗളൂരുവിലെ ചില ആശുപത്രികളിലും ഇവ സൗജന്യമായി ലഭ്യമാണ്. ഈ സൗകര്യമുപയോഗിച്ച് തങ്ങളുടെ ജീവൻ നിലനിർത്താനാവുമെന്ന പ്രതീക്ഷയാണ് രോഗികളെ സംസ്ഥാനം വിടാൻ നിർബന്ധിതരാക്കുന്നത്. ഒരു വർഷത്തോളമായി സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നും ഫിൽട്ടർ സെറ്റും മുടങ്ങിയിട്ട്. രോഗികൾ തിരുവനന്തപുരത്തെ ആരോഗ്യ മന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുടെ ഓഫിസുമായുമൊക്കെ ബന്ധപ്പെട്ട് സങ്കടമുണർത്തി നിവേദനം നൽകിയിരുന്നെങ്കിലും അതൊക്കെ അവഗണിക്കയാണ് ചെയ്തത്.
ഗത്യന്തരമില്ലാതെ രോഗികൾ സമരരംഗത്തിറങ്ങിയെങ്കിലും അതും അവഗണിച്ചു. മരുന്നിനും ഫിൽട്ടർ സെറ്റിനും ഗതിയില്ലാതെ പല രോഗികളും ആസന്ന മരണാവസ്ഥയിലാണ്. രക്ഷകിട്ടുമെന്ന പ്രത്യാശയിലാണ് രോഗികൾ സംസ്ഥാനംവിട്ട് പോകുന്നത്. രോഗികളുടെ ദുരിതത്തിന് അറുതിയുണ്ടാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു.


