വീടും സ്ഥലവും ജപ്തിചെയ്തു: ഗൃഹനാഥനും കുടുംബവും പെരുവഴിയിൽ
text_fieldsവീട് ജപ്തി ചെയ്തതിനെ തുടർന്ന് പുറത്ത് ടാർപോളിൻ ഷീറ്റിനടിയിൽ കഴിയുന്ന സുകുമാരനും കുടുംബവും
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്തിൽ വീടും സ്ഥലവും സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തിചെയ്തു. ഇതേത്തുടർന്ന് ഗൃഹനാഥനും കുടുംബവും പെരുവഴിയിലായി. കോട്ടൂർ പെരവച്ചേരി നാലുപുരയ്ക്കൽ സുകുമാരനും കുടുംബവുമാണ് വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്തി നടപടിക്കിരയായത്.
മൂന്നരലക്ഷം രൂപ അടക്കാനുണ്ടെന്ന് പറഞ്ഞാണ് മുത്തൂറ്റ് ഫിനാൻസ് കുടുംബത്തിന്റെ ദുരവസ്ഥപോലും കണക്കിലെടുക്കാതെ ജപ്തി നടപടിയുമായി മുന്നോട്ടുപോയത്. ആകെയുള്ള 17 സെന്റ് ഭൂമിയിൽ 10 സെന്റും വീടും ഈടുവെച്ചാണ് മൂന്നുലക്ഷം രൂപ വായ്പയെടുത്തത്. 12 വർഷമായി 4500 രൂപവെച്ച് വായ്പയിലേക്ക് മുടങ്ങാതെ അടക്കാറുണ്ടെന്ന് സുകുമാരൻ പറഞ്ഞു. ജപ്തിനടപടി പാടില്ലെന്നിരിക്കെ സ്വകാര്യ സ്ഥാപനം ജപ്തിനടപടി സ്വീകരിച്ചതിനെതിരെ പ്രദേശത്ത് പ്രതിഷേധമുയരുന്നുണ്ട്.
ജപ്തി ചെയ്ത ഭൂമിക്ക് സമീപമായുള്ള ഏഴ് സെന്റ് ഭൂമിയിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി അതിൽ കഴിയുകയാണ് സുകുമാരനും കുടുംബവും. വീട്ടുസാധനങ്ങളെല്ലാം ഇവിടേക്ക് മാറ്റി. വീടിന്റെ വൈദ്യുതി കണക്ഷൻ വരെ വിച്ഛേദിച്ചെന്നും സുകുമാരൻ പറഞ്ഞു. എന്നാൽ, വൈദ്യുതി വിച്ഛേദിക്കാൻ സ്വകാര്യ സ്ഥാപനത്തിന് അധികാരമില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പിന്നീട് കെ.എസ്.ഇ.ബി ഇടപെട്ട് കണക്ഷൻ പുനഃസ്ഥാപിച്ചു നൽകി. നിയമപരമായ എല്ലാ നടപടികളും പാലിച്ച ശേഷമാണ് ജപ്തി ചെയ്തതെന്ന് മുത്തൂറ്റ് ഫിനാൻസ് അധികൃതർ അറിയിച്ചു.
കുടുംബത്തെ ചേർത്തുപിടിച്ച് കാരുണ്യ പ്രവർത്തകർ
നടുവണ്ണൂർ: ജപ്തി നടപടിക്ക് വിധേയനായ കുടുംബത്തെ ചേർത്തുപിടിച്ച് കാരുണ്യ പ്രവർത്തകർ. പൊതുപ്രവർത്തകൻ വട്ടക്കണ്ടി ഇസ്മായിലിന്റെ നേതൃത്വത്തിൽ കുന്നരം വെള്ളി മുസ്ലിം റിലീഫ് കമ്മിറ്റിയാണ് 26,386 രൂപ അടച്ചത്. അഞ്ചു മാസത്തെ അടവ് അടച്ചതിനെത്തുടർന്ന് താൽക്കാലികമായി ജപ്തി ഒഴിവായി. ഇതോടെ കുടുംബം വീട്ടിൽ തിരികെ പ്രവേശിച്ചു. ശനിയാഴ്ച രാത്രി 8.30ന് ഓൺലൈനായാണ് പണം ബാങ്കിലടച്ചത്.