ഹൈഡ്രോളിക് ഷട്ടർ: ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി
text_fieldsചെറുവാടി കൂട്ടക്കടവിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിലെ ചെറുവാടി പുഞ്ചപാടത്തെ കല്ലാം തോടിൽ കൂട്ടകടവിലെ വി.സി.ബിയുടെ മാന്വൽ ഷട്ടർ ഹൈഡ്രോളിക്ക് ഷട്ടറാക്കി മാറ്റാനാവശ്യമായ നടപടികൾക്ക് ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. മുഹമ്മദ് യൂസഫ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ജല സേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയത്.
2001ൽ ചാലിയാർ പുഴയിൽ ജലസേചന വകുപ്പ് കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ പുഴയിലെ ജല വിതാനം ഉയർന്നു നിൽക്കുകയും ചെറുവാടി പുഞ്ചപ്പാടം വെള്ളകെട്ട് കാരണം കൃഷി യോഗ്യമല്ലാതായി മാറുകയും ചെയ്തതോടെയാണ് കല്ലാംതോടിലെ കൂട്ടക്കടവിൽ വി.സി.ബി പണിതും, പമ്പ് സെറ്റ് ഉപയോഗിച്ച് ജല ക്രമീകരണം നടത്തിയും ഒരു പരിധി വരെ പുഞ്ചപ്പാടം നെൽ കൃഷിക്ക് അനുയോജ്യമാക്കി.ചെറുവാടി നടക്കൽ പാലത്തിന് തൊട്ട് മുകളിൽ കണ്ണഞ്ചാലിൽ കൂട്ടകടവിൽ സജ്ജീകരിച്ച പോലെ വി.സി.ബിയും ജല വിതാനം ക്രമീകരിക്കുവാനുള്ള പമ്പ് സെറ്റും സ്ഥാപിച്ചാൽ ചെറുവാടി പുഞ്ചപാടത്തെ വെള്ള കെട്ടിന് ശാശ്വത പരിഹാരമാകും ഇതോടെ 300 എക്കറിൽ അധികം വരുന്ന ചെറുവാടി പുഞ്ചപ്പാടം പൂർണമായും നെൽ കതിർ വിളയിക്കുവാൻ സാധിക്കുമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ പ്രതീക്ഷ.
അടുത്ത രണ്ട് വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കുവാൻ ആവശ്യമായ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ടി. കവിത ടീച്ചർ, വൈസ് പ്രസിഡന്റ് സുജാ ടോമും പ്രസ്താവനയിൽ പറഞ്ഞു. ജലസേചന വകുപ്പിന്റെ കല്ലാം തോട് സന്ദർശനത്തിന് ചെറുകിട ജല സേചന വകുപ്പ് എൻജിനീയർമാരായ വിപിൻ, നാഫില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, വികസന സ്ഥിരം സമിതി അധ്യക്ഷ കസ്ന ഹമീദ്, ഗ്രാമ പഞ്ചായത്ത് അംഗം സി.ടി. മുഹമ്മദ് യൂസഫ്, സൽമാൻ പൊയിലിൽ എന്നിവർ നേതൃത്വം നൽകി.


