ദിബിഷയുടെ മരണം; നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsകക്കട്ടിൽ: പ്രസവാനന്തരം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ച വട്ടോളിയിലെ കല്ലുള്ളപറമ്പിൽ ദിനേശെൻറയും ബിന്ദുവിെൻറയും മകൾ ദിബിഷയുടെ (29) മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ 28ന് ഉച്ചക്ക് ഒരുമണിക്കാണ് ദിബിഷ പ്രസവിച്ചത്. അമ്മക്കും കുഞ്ഞിനും ഒരു കുഴപ്പവുമില്ലായിരുന്നു. വൈകീട്ട് നാല് മണിക്കുള്ളിൽ രണ്ട് പ്രാവശ്യം കുഞ്ഞിനെ മുലയൂട്ടിയിരുന്നു. അഞ്ചു മണിയായപ്പോൾ പാല് കൊടുക്കേണ്ടെന്ന് നഴ്സുമാരും ഡോക്ടർമാരും പറഞ്ഞു.
പുറത്ത് കാത്തിരിക്കുന്ന രക്ഷിതാക്കാളോട് ഒന്നും പറഞ്ഞിരുന്നില്ല. രാത്രി ഒമ്പതിന് ദിബിഷ മരണപ്പെട്ട വിവരമാണ് അധികൃതർ പറഞ്ഞത്. ദിബിഷ മരിച്ചതിൽ ആശുപത്രിയുടെ ഭാഗത്തുണ്ടായ അനാസ്ഥയാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഏറെ ബഹളത്തിന് ശേഷമാണ് ഡോക്ടർമാർ വിവരം അറിയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോകുമ്പോൾ ദിബിഷയുടെ ഗർഭപാത്രം നീക്കംചെയ്ത വിവരം അറിഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. നീക്കംചെയ്യുമ്പോൾ രക്ഷിതാക്കളുടെ സമ്മതംപോലും വാങ്ങിയിരുന്നില്ലെന്നും ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ദിബിഷയുടെ മരണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് കർമസമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി, എം.പി, എം.എൽ.എ എന്നിവർക്ക് പരാതി നൽകി. വി. വിജിലേഷ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് വി.കെ. റീത്ത, അംഗങ്ങളായ കെ.പി. കുഞ്ഞിരാമൻ, സി.പി. സജിത, പാർട്ടി പ്രതിനിധികളായ എം. ശ്രീധരൻ, എലിയാറ ആനന്ദൻ, ശശീന്ദ്രൻ കുനിയിൽ, എൻ.വി. ചന്ദ്രൻ, കുമാരൻ പറമ്പത്ത്, സി. നാരായണൻ, ഷാജി വട്ടോളി എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: കരുണൻ (ചെയർമാൻ), എം. ശ്രീധരൻ (കൺവീനർ), പറമ്പത്ത കുമാരൻ (ട്രഷറർ).