അശാസ്ത്രീയ തോട് നിർമാണം: നെൽകൃഷി നിലച്ചു
text_fieldsവട്ടോളി മാടോള്ളതിൽ പാടശേഖരത്തിലെ തോട് ഉയർന്നതുകാരണം വയലിൽ വെള്ളം കെട്ടിക്കിടക്കുന്നു
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളി മാടോള്ളതാഴ തോട് പുനരുദ്ധാരണം നടത്തിയത് കർഷകർക്ക് ഇരുട്ടടിയായതായി പരാതി. തോട് നിർമാണം പൂർത്തിയായപ്പോൾ വയലിനേക്കാൾ ഉയർന്നു. ഒന്നര വർഷം മുമ്പാണ് സർക്കാർ ഫണ്ടിൽ നിർമാണം പൂർത്തീകരിച്ചത്.
കർഷകർ അശാസ്ത്രീയത ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിച്ചില്ലെന്ന് കർഷകർ പറയുന്നു. പിന്നീട് പലതവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. കുന്നുമ്മൽ പഞ്ചായത്തിൽ അവശേഷിക്കുന്ന നെൽപാടങ്ങളിലൊന്നാണ് മാടോള്ളതാഴ. ബാക്കിയെല്ലാം നികത്തി തീർന്നു. ഇവിടെ കൂട്ടായ്മയുണ്ടാക്കി വർഷന്തോറും കൃഷി നടത്തിവരുകയായിരുന്നു.
അതിനിടെയാണ് തോട് നിർമാണം. നിലവിൽ ഇവിടെ വെള്ളം തോട്ടിലേക്ക് വാർന്നുപോകാതെ കെട്ടിക്കിടക്കുകയാണ്. ആർക്കും കൃഷിയിറക്കാൻ കഴിയുന്നില്ല. കൂടാതെ പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. തോട് നിർമാണത്തിലെ അപാകത പരിഹരിച്ച് കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് പാടശേഖര സമിതി അംഗങ്ങളായ കരുവാൻകണ്ടി അസീസ്, മാടോള്ളതിൽ അബ്ദുല്ല, പി. രാജീവൻ എന്നിവർ ആവശ്യപ്പെട്ടു.