പ്രിയതരമാകും ദീപാവലി; മധുര ട്രീറ്റുകളുമായി വിപണിയൊരുങ്ങി
text_fieldsത്രിവേണി സൂപ്പർമാർക്കറ്റിലെ ദീപാവലി മിഠായി കച്ചവടം
കക്കോടി: ദീപാവലി മധുരതരമാക്കാൻ മിഠായി ട്രീറ്റുകളുമായി വിപണിയൊരുങ്ങി. ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും പ്രതീകമായ ദീപോത്സവത്തിന് ഏറെ പ്രധാനം മധുരവിഭവങ്ങളായതിനാൽ വിപണിയില്‍ വലിയ ഒരുക്കങ്ങളാണ് ഒരാഴ്ചമുമ്പേ തുടങ്ങിയത്.
പരമ്പരാഗത മധുരവിഭവങ്ങളായ ലഡു, ജിലേബി, ഹല്‍വ, മൈസൂര്‍ പാക്ക്, റവ ലഡു, മില്‍ക്ക് പാക്ക്, മില്‍ക്ക് പേഡ എന്നിവക്കുപുറമെ ഉത്തരേന്ത്യൻ മധുരപലഹാരങ്ങളായ കാജു കട്ലിസ്, മലൈ ബർഫി, ഡ്രൈ ഫ്രൂട്ട് ബർഫിസ്, അഞ്ജീർ, മിക്സഡ് ബർഫി, ഫർസാൻ, മോട്ടിച്ചൂർ ലഡു, ഫ്രൂട്ട് ബര്‍ഫി, ജാഗിരി, ബദാം ബര്‍ഫ, ബേസൻ ലഡു, രസഗുള എന്നിവ ആഘോഷത്തിന്റെ മൂഡ് ശക്തിപ്പെടുത്തുകയാണ്.
പുരൻ പൊലി, കരഞ്ചി, ലഡു തുടങ്ങിയവ ദീപാവലി മിഠായി ബോക്സിൽ ക്ലാസിക് മധുരപലഹാരങ്ങളുടെയും ന്യൂജൻ ട്രീറ്റുകളുടെയും സ്വാദിഷ്ടമായ സംയോജനങ്ങളാണ്. 300 രൂപ മുതൽ 900 രൂപ വരെയാണ് കിലോ മിഠായിയുടെ വില. ദോധ ബർഫിയും ബദാം പാക്കും ദീപാവലി ഇതിഹാസമാക്കാൻ വിപണിയിലുണ്ട്. കറാച്ചി ഹൽവ, ഇന്ത്യൻ കുക്കീസ്, ചോക്കോ ബട്ടർസ്കോച്ച് ബാർക്ക് എന്നിവക്കും പ്രിയമേറെയാണ്.
കടകളിലെത്തി വാങ്ങുന്നതിനുപുമെ ഓൺലൈനിൽ ഓർഡർ ചെയ്യുന്നവരും ഏറെയാണെന്നും ദീപാവലി ഗിഫ്റ്റ് ഹാംപറുകൾക്ക് ഏറെ പ്രചാരമുള്ളതായും കക്കോടി സിറ്റി സ്റ്റാർ ബേക്കറി ഉടമ സുബിൻ പറഞ്ഞു. പ്രമേഹരോഗികളെ പരിഗണിച്ച് ഷുഗര്‍ലസ് ദീപാവലി സ്വീറ്റ്സും മാർക്കറ്റിൽ ലഭ്യമാണ്. ഉത്തരേന്ത്യയിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള മാസ്റ്റേഴ്സിനെ ആഴ്ചകൾക്കുമുമ്പേ കടകളിൽ എത്തിച്ചിട്ടുണ്ട് പ്രധാന ബേക്കറി ഉടമകൾ.