മരണം വിതച്ച് കക്കോടി പാലം
text_fieldsകൈവരികൾ താഴ്ന്ന് അപകടാവസ്ഥയിലായ കക്കോടി പാലം
കക്കോടി: അധികൃതരുടെ അനാസ്ഥയിൽ അപകടം വിതച്ച് പൂനൂർ പുഴക്ക് കുറുകെയുള്ള കക്കോടി പാലം. അപകടാവസ്ഥയിലായ പാലത്തിന്റെ കൈവരികൾ താഴ്ന്നു നിൽക്കുന്നതാണ് ഭീഷണിയാകുന്നത്. മൂന്നുപേരാണ് അടുത്തിടെ പാലത്തിനു മുകളിൽനിന്ന് പുഴയിലേക്ക് ചാടിയത്. ഇതിൽ കക്കോടി സ്വദേശികളായ രണ്ടുപേർ മരിച്ചു.
കഴിഞ്ഞ ദിവസം ചാടിയ കൊയിലാണ്ടി സ്വദേശി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡിൽനിന്ന് പാലത്തിന്റെ കൈവരിക്ക് രണ്ടടിയോളം മാത്രമേ ഉയരമുള്ളൂ. സ്കൂൾ കുട്ടികൾ നടന്നുപോകുമ്പോൾ പുഴയിലേക്ക് എത്തിനോക്കുന്നത് ഏറെ അപകടാവസ്ഥ സൃഷ്ടിക്കുകയാണ്.
വർഷങ്ങളോളം കക്കോടിയിലെ വി-13 കലാ സാംസ്കാരിക വേദി പുഴക്ക് ഇരുവശത്തുമായി വലയിട്ട് സൂക്ഷിച്ചതിനാൽ അപകടം ഒഴിവായിരുന്നു. എന്നാൽ, പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പി.ഡബ്ല്യൂ.ഡി വിഭാഗം വലയും കുറ്റികളും എടുത്തുമാറ്റി. തുടർന്ന് ഒന്നരവർഷത്തോളമായി അപകടം പതിയിരിക്കുകയാണ്.
രണ്ടാൾ പൊക്കത്തിൽ വലകെട്ടിയിരുന്നതിനാൽ യാത്രക്കാർ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നതും അവസാനിച്ചിരുന്നു. മാലിന്യം വലിച്ചെറിയുന്നതുൾപ്പെടെയുള്ള നടപടികൾക്കെതിരെ പഞ്ചായത്ത് നടപടികൾ സ്വീകരിക്കാത്തതും ആക്ഷേപത്തിനിടയാക്കുകയാണ്. ഇനിയെത്രപേരുടെ ജീവൻ പൊലിക്കേണ്ടിവരും അധികൃതരുടെ കണ്ണുതുറക്കാനെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.