പൂനൂർ പുഴയിലെ അപകടം; ഓർമകൾക്ക് മങ്ങലില്ലാതെ രാജീവൻ
text_fieldsരാജീവൻ
കക്കോടി: ‘ഒച്ചകേട്ട് പുഴയിലേക്ക് നോക്കിയപ്പോൾ വല്യ ചുഴി, പുഴനിറച്ചും കുട്ടികൾ മുങ്ങിത്താഴുന്നു. ആർപ്പും കരച്ചിലും കേട്ടതോടെ കൈയിലെ ബാഗ് എറിഞ്ഞ് പുഴയിലേക്ക് ചാടി. മൂന്നെണ്ണത്തിനെ നീന്തിപ്പിടിച്ച് കരക്കെത്തിച്ചു. ദൂരെ നോക്കുമ്പോൾ രണ്ടു കുട്ടികൾ മുങ്ങിപ്പൊങ്ങുകയാണ്. വീണ്ടും വെള്ളത്തിലേക്ക് ചാടി.
രണ്ടിനെയും ഇരു കൈകളിലാക്കി നീന്തുകയായിരുന്നു. ധരിച്ച കാക്കി ഷർട്ടിന്റെയും പാന്റിന്റെയും കനവും ക്ഷീണവും കാരണം ശരീരം തളർന്നു. കുട്ടികൾ രണ്ടുപേരും മരണവെപ്രാളത്തിൽ പിടിമുറുക്കി. മൂന്നുപേരും മുങ്ങുമെന്ന അവസ്ഥയായി. രണ്ടുപേരുടെയും മുഖംനോക്കാതെ വലത്തെ കൈയിലെ പിടിവിട്ടു. അതേരക്ഷയുണ്ടായിരുന്നുള്ളൂ. കൺമുന്നിൽവെച്ച് അവൾ താഴ്ന്നു- 32 വർഷം മുമ്പത്തെ തോണിയപകടത്തെക്കുറിച്ച് ബസ് കണ്ടക്ടറായിരുന്ന ചെറുകുളം സ്വദേശി അണ്ടിയിൽ രാജീവൻ ഓർക്കുന്നത് ഉൾക്കിടിലത്തോയൊണ്. 32 വർഷത്തിനുശേഷം സംഭവത്തെക്കുറിച്ച് ഓർക്കുമ്പോഴൂം 52 കാരനായ രാജീവന് നടുക്കം മാറുന്നില്ല.
തോണിയപകടത്തിൽ മരിച്ചവർ
ചെറുകുളം പൂനൂർ പുഴയിൽ തോണി മറിഞ്ഞ് എരഞ്ഞിക്കൽ പി.വി.എസ് ഹൈസ്കൂളിലെ നാലു വിദ്യാർഥികൾ മരിച്ചിട്ട് ഞായറാഴ്ച 32 വർഷം തികയുകയാണ്. കക്കോടി പഞ്ചായത്തിലെ ഒറ്റത്തെങ്ങ്, ചെറുകുളം സ്വദേശികളായ വിദ്യാർഥികളാണ് കർക്കടകപ്പെയ്ത്തിന്റെ കുത്തൊഴുക്കിൽ പൂനൂർ പുഴയിലെ ചെറുകുളം കടവിൽ മുങ്ങിത്താണത്. വിദ്യാർഥിനികളായ ഷീല, റുബീന, സവിത, സജിത എന്നിവർക്കാണ് ജീവൻ നഷ്മായത്. താൽക്കാലിക പാലത്തിന്റെ കൈവരിയിൽ പിടിച്ചാണ് പലകുട്ടികളും രക്ഷപ്പെട്ടത്. ഇരുപത്തഞ്ചോളം കുട്ടികളും മൂന്നു മുതിർന്നവരുമാണ് തോണിയിലുണ്ടായിരുന്നതെന്ന് ഇപ്പോൾ സ്വകാര്യ കമ്പനിയിൽ കലക്ഷൻ ഏജന്റായ രാജീവൻ പറയുന്നു.