ഇനി ലോകം ചുറ്റണം -സുനിത വില്യംസ്
text_fieldsകോഴിക്കോട്: നാല് ദിവസം നീളുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന് കോഴിക്കോട് കടപ്പുറത്ത് തുടക്കം. ലോകപ്രശസ്ത അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസും മന്ത്രി പി.എ. മുഹമ്മദ് റിയാസും ചേർന്ന് സാഹിത്യോത്സവത്തിന് തിരിതെളിയിച്ചു.
നാസയിൽനിന്ന് പടിയിറങ്ങുമ്പോൾ താൻ ഇന്ത്യയിലായിരുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നുവെന്ന് സുനിത വില്യംസ് പറഞ്ഞു. ഇനി ലോകം ചുറ്റണം. ഒരുപാട് യാത്രകൾ ചെയ്യണം. കേരളത്തിൽ ഇത്രയുംപേർ പങ്കെടുക്കുന്ന വലിയ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം തന്ന അനുഭവം, മനുഷ്യർക്കിടയിൽ വേർതിരിവോ അതിർവരമ്പുകളോ ഇല്ലെന്നതായിരുന്നു.
ഏറ്റവും ഒടുവിലത്തെ ബഹിരാകാശ ദൗത്യത്തിൽ സ്റ്റാർ ലൈനർ പേടകത്തിന്റെ സങ്കേതിക തടസ്സങ്ങൾമൂലം ബഹിരാകാശത്ത് അനിശ്ചിതമായി തുടരേണ്ടി വന്നപ്പോഴും സുരക്ഷിതമായി തിരിച്ചുവരാൻ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പുതിയ തലമുറക്ക് ബഹിരാകാശ മേഖലയിൽ അവസരങ്ങൾ ധാരാളമുണ്ട്. നാസയിൽനിന്നുള്ള തന്റെ വിരമിക്കൽ പുതിയ തലമുറക്കുള്ള വഴിമാറൽ കൂടിയാണെന്നും അവർ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ചെയർമാൻ എ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടി ഭാവന, നടൻ പ്രകാശ് രാജ്, വേഗരാജാവ് ബെൻജോൺസൺ, കവി സച്ചിദാനന്ദൻ, എം. മുകുന്ദൻ, സക്കറിയ, എഴുത്തുകാരിയും പാർലമെന്റ് അംഗവുമായ തമിഴിച്ചി തങ്കപാണ്ഡിയൻ, തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ, കോഴിക്കോട് കോർപറേഷൻ മേയർ ഒ. സദാശിവൻ, ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സംബന്ധിച്ചു.
ഡി.സി രവി സ്വാഗതവും ഡോ. എ.കെ. അബ്ദുൽ ഹഖീം നന്ദിയും പറഞ്ഞു. വിദേശ എഴുത്തുകാർ ഉൾപ്പെടെ പങ്കെടുത്ത വിവിധ സംവാദ സദസ്സുകൾ മേളയുടെ ഭാഗമയി നടന്നു. ഈ മാസം 25 വരെയാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ.


