തെയ്യത്തുംകടവ് തോണി അപകടത്തിന് 42 വയസ്സ്
text_fieldsതെയ്യത്തുംകടവിലെ ബി.പി. മൊയ്തീൻ പാർക്ക്
കൊടിയത്തൂർ: മൂന്നുപേരുടെ ജീവൻ നഷ്ടപ്പെടുത്തി ഒരു നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയ തോണി അപകടത്തിന് ഇന്ന് 42 വയസ്സ്. 1982 ജൂലൈ 15ന് കൊടിയത്തൂർ തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞിപ്പുഴയിലായിരുന്നു ദാരുണ സംഭവം. കൊടിയത്തൂരിൽനിന്ന് ചേന്ദമംഗല്ലൂരിലേക്ക് നീങ്ങുകയായിരുന്ന തോണി വഴിയിൽവെച്ച് മറിയുകയായിരുന്നു. അപകടത്തിൽ സാംസ്കാരിക നായകനായ ബി.പി. മൊയ്തീനും എ.എം. ഉസ്സൻകുട്ടിയും പിഞ്ചുബാലനായ അംജദ് മോനും മരിച്ചു.
ബി.പി. മൊയ്തീന് നീന്തൽ വശമുണ്ടായിട്ടും അപകടത്തിൽപെട്ട സഹയാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ഒഴുക്കിൽപെട്ട് മുങ്ങിപ്പോവുകയായിരുന്നു. തോണി അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിന് ധീരതക്കുള്ള രാഷ്ട്രപതിയുടെ മരണാനന്തര ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മുക്കത്തെ ബലിയമ്പ്ര തറവാട്ടിൽ പിറന്ന മൊയ്തീൻ മുക്കത്തെയും കോഴിക്കോട്ടെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സിനിമ -സാംസ്കാരിക മേഖലകളിലെ പങ്കാളിത്തവും കാഞ്ചനമാലയുമായുള്ള പ്രണയവും മൊയ്തീനെ ശ്രദ്ധേയമാക്കിയിരുന്നു.
മൊയ്തീന്റെ ഓർമക്കായി തെയ്യത്തുംകടവിൽ ബി.പി. മൊയ്തീൻ പാർക്കും നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. വിവിധതരം ചെടികളും പേരമരവും ഇരിപ്പിടവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ബി.പി. മൊയ്തീന്റെ ചിത്രവും സംക്ഷിപ്ത ജീവചരിത്രവും ഇവിടെ കാണാം.