ഉപതെരഞ്ഞെടുപ്പ്: കൊടിയത്തൂരിൽ ചതുഷ്കോണ മത്സരത്തിന് സാധ്യത
text_fieldsകൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നാല് പ്രധാന സ്ഥാനാർഥികൾ മത്സരിക്കാൻ സാധ്യത. കോണ്‍ഗ്രസ് ഗ്രൂപ് പോരില്‍ മനം മടുത്ത് ശിഹാബ് മാട്ടുമുറി മെംബർ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്കകത്ത് സ്ഥാനാര്‍ഥി നിർണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
ഈ സ്ഥാനാര്‍ഥികള്‍ക്ക് പുറമെ വാര്‍ഡില്‍ വേരോട്ടമുള്ള വെല്‍ഫെയര്‍പാര്‍ട്ടിയും, മുന്‍ മെംബറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ശിഹാബ് മാട്ടുമുറിയും മത്സരിച്ചേക്കും.
യു.ഡി.എഫിന് ആധിപത്യമുള്ള വാര്‍ഡില്‍ കോണ്‍ഗ്രസിലെ ഗ്രൂപ് പോര് കാരണം ഒരു തവണ എല്‍.ഡി.എഫിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. വാർഡിൽ മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്നും, മൂന്നാം വാര്‍ഡിന് അനുവദിച്ച സര്‍ക്കാര്‍ ഫണ്ട് ചിലർ വെട്ടിമാറ്റിയെന്നും ശിഹാബ് മാട്ടുമുറി പറഞ്ഞു.
കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് മൂന്നാം വാര്‍ഡില്‍ നടപ്പിലാക്കിയ വികസന മുന്നേറ്റങ്ങള്‍ വോട്ടായി മാറുമെന്നാണ് വീണ്ടും സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ശിഹാബിന്റെ പ്രതീക്ഷ. അതിനിടെ ശിഹാബിനെ അനുനയിപ്പിക്കാന്‍ നേതൃതല ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. കോൺഗ്രസിൽ മൂന്ന് പേരുകളും, എല്‍.ഡി.എഫിൽ രണ്ട് പേരുകളും സ്ഥാനാർഥി നിർണയത്തിൽ പരിഗണനയിലുണ്ട്.
കഴിഞ്ഞ തവണ യു.ഡി.എഫ് മുന്നണിക്കൊപ്പം നിന്ന് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ സ്വന്തം സ്ഥാനാർഥിയെ നിര്‍ത്തുമെന്നാണ് അറിയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നാം വാര്‍ഡ് കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യമാണ് പ്രവര്‍ത്തകര്‍ പങ്കുവെച്ചത്.