'കോളനി' പദം ഒഴിവാക്കൽ രണ്ടുവർഷം മുമ്പ് നടപ്പാക്കി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി
text_fieldsനവീകരണം പൂർത്തിയായ രണ്ടാം വാർഡിലെ ഗ്രീനറി വില്ല
കൊടിയത്തൂർ: സംസ്ഥാന സർക്കാർ കോളനി എന്ന പദം സർക്കാർ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം തിരുമാനമെടുത്തപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതിയാണ്.
മാസങ്ങൾക്ക് മുമ്പുതന്നെ കൊടിയത്തൂരിൽ ഇത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നതിന് തൊട്ടുമുമ്പാണ് മന്ത്രി രാധാകൃഷ്ണൻ ഇത്തരമൊരു ഉത്തരവിൽ ഒപ്പിട്ടത്. എന്നാൽ, 2022 ഏപ്രിൽ മാസം നടന്ന ഭരണ സമിതി യോഗത്തിൽ തന്നെ കോളനികളുടെ പേരുമാറ്റാനും പഞ്ചായത്തിലെ കോളനികൾ ആധുനിക രീതിയിൽ നവീകരിക്കാനും തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി രണ്ടാം വാർഡിലെ കാരക്കുറ്റി ലക്ഷംവീട് കോളനിയുടെ പേര് ഗ്രീനറി വില്ലയെന്നും മൂന്നാം വാർഡിലെ മാട്ടുമുറി കോളനിയുടെ പേര് രാജീവ് ഗാന്ധി നഗർ എന്നുമാക്കി മാറ്റി.
വർഷങ്ങൾക്ക് മുമ്പുതന്നെ ഇത്തരമൊരു തീരുമാനം എടുത്ത് നടപ്പാക്കാനായതിൽ സന്തോഷമുണ്ടെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് പറഞ്ഞു. വി. ഷംലൂലത്ത് പ്രസിഡന്റും കരീം പഴങ്കൽ വൈസ് പ്രസിഡന്റുമായ ഭരണ സമിതിയാണ് അന്ന് നിർണായക തീരുമാനമെടുത്തിരുന്നത്.
ലക്ഷം വീട്, നാല് സെന്റ് കോളനികളുടെ നവീകരണം ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ ഗ്രാമപഞ്ചായത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പേരു മാറ്റമെന്ന ആശയം നടപ്പാക്കിയത്. അതേ സമയം ഈ തീരുമാനത്തോട് ഭരണ സമിതിയിലെ രണ്ട് ഇടത് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖച്ഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനി ഗ്രീനറി വില്ല എന്ന പേര് മാറ്റിയതിനൊപ്പം ആധുനിക വത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ പ്രവൃത്തിക്കാവശ്യമായ മെറ്റീരിയലുകൾ, എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് കോളനി നവീകരിച്ചത്.
വീട് റിപ്പയറിങ്, പ്ലാസ്റ്ററിങ്, പെയിന്റിങ്, പ്രവേശന കവാടം തുടങ്ങി വിവിധ പദ്ധതികളാണ് കോളനിയിൽ നടപ്പാക്കിയത്.
സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരുവിഭാഗം തിങ്ങിപ്പാർക്കുന്ന ലക്ഷം വീട് കോളനിയിൽ കാലങ്ങളായി അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി അവരുടെ ആരോഗ്യം ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പു വരുത്തി അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചത്.
പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയായപ്പോഴേക്കും വലിയ പദ്ധതികളുമായി നവീകരണത്തിന് തുടക്കമിടുകയായിരുന്നു.