ജീവനക്കാരില്ല; കൊടിയത്തൂർ വില്ലേജ് ഓഫിസ് പ്രവർത്തനം താളംതെറ്റുന്നു
text_fieldsകൊടിയത്തൂർ വില്ലേജ് ഓഫിസ്
കൊടിയത്തൂർ: സ്മാർട്ട് വില്ലേജായ കൊടിയത്തൂർ വില്ലേജ് ഓഫിസിൽ മൂന്നു തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ജനം ബുദ്ധിമുട്ടുന്നു. സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വില്ലേജ് അസിസ്റ്റന്റ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
എസ്.വി.ഒ തസ്തികയിൽ രണ്ടു വർഷത്തിലധികമായി നിയമനം നടന്നിട്ടില്ല. കഴിഞ്ഞ മാർച്ചിലും ഏപ്രിലിലുമായി മറ്റു രണ്ട് തസ്തികകളും ഒഴിവുവന്നതോടെ ഓഫിസ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാഭ്യസ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും പ്രയാസപ്പെടും. ദിനേന നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്.
ഭൂമി സംബന്ധമായ സർട്ടിഫിക്കറ്റുകൾക്കായി അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈൻ വഴി അപേക്ഷിച്ചു കാത്തിരിക്കുകയാണ് പലരും. ഒഴിവുള്ള തസ്തികകൾ ഉടനെ നികത്തണമെന്നാവശ്യപ്പെട്ട് താലൂക്ക് ഓഫിസില്‍ പരാതി നല്‍കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.