പഠന മികവിന് ദേശീയ അംഗീകാരം; വാദി റഹ്‌മക്ക് നാടിന്‍റെ ആദരം
text_fieldsകൊടിയത്തൂർ: പഠന രംഗത്തെ മികവിനും ഗുണമേന്മക്കും കേന്ദ്ര സർക്കാറിന്റെ ദേശീയ അംഗീകാരമായ നാബെറ്റ് അക്രഡിറ്റേഷൻ നേടിയ വാദി റഹ്‌മ ഇംഗ്ലീഷ് സ്കൂളിനെ കൊടിയത്തൂർ പൗരാവലി ആദരിച്ചു. വാദി റഹ്‌മ വോസ ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ ഡോ. ഗൾഫാർ മുഹമ്മദലി നാടിന്‍റെ ഉപഹാരം വാദി റഹ്‌മ സാരഥികൾക്ക് കൈമാറി. വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക മാറ്റവും ഉന്നതിയും സാധ്യമാകൂവെന്ന് ഗൾഫാർ പറഞ്ഞു. രാഷ്ട്ര നിർമ്മിതിയിൽ പങ്കാളിത്തം വഹിക്കാൻ വിദ്യാഭ്യാസ ശാക്തീകരണം കൂടിയേ തീരൂവെന്നും ഈ വസ്തുത മത രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കണമെന്നും ഗൾഫാർ വ്യക്തമാക്കി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൊടിയത്തൂർ സർവീസ് ഫോറം ഖത്തറും മികവിനുള്ള അംഗീകാരമായി വാദി റഹ്‌മക്ക് ഉപഹാരങ്ങൾ കൈമാറി.
വാദി റഹ്‌മയുടെ മുഖ്യ രക്ഷാധികാരിയും മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് സമൂഹത്തിൽ പ്രസക്തി വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
വാദി റഹ്‌മയുടെ ഭാവി പദ്ധതികളെക്കുറിച്ച് ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി ഹുസൈൻ വിശദീകരിച്ചു. നാബറ്റ് അക്രഡിറ്റേഷനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നസിയ മുഹമ്മദിന് ഗൾഫാർ മുഹമ്മദലി മൊമെന്റോ നൽകി അനുമോദിച്ചു.
ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്‍റ് കെ. സുബൈർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ, വാർഡ് അംഗം ഷംലൂലത്ത്, മലബാർ ചേംബർ പ്രസിഡന്‍റ് എം.എ മെഹബൂബ്, ഐ.ഇ.സി.ഐ സി.ഇ.ഒ. ഡോ. മുഹമ്മദ് ബദീഉസമാൻ, ഡോ. ആസാദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം സി.ടി.സി അബ്ദുല്ല, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്‍റ് ഇ.എൻ അബ്ദുറസാഖ്, കൊടിയത്തൂർ ഖാദി എം.എ അബ്ദുസ്സലാം, എൻ.കെ അബ്ദുറഹിമാൻ, കെ.കെ മുഹമ്മദ് ഇസ്‌ലാഹി, കെ.സി അബ്ദുല്ലത്തീഫ്, ഡോ. കെ.ജി മുജീബ്, എം.എ അബ്ദുൽ അസീസ് അമീൻ, റസാക്ക് കൊടിയത്തൂർ, സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ, ഷെഫീഖ് മാടായി, ഷബീർ ബാബു, നികിഷ സാജൻ, ഷംസുദ്ദീൻ ചെറുവാടി തുടങ്ങിയവർ ആശംസ നേർന്നു.
സ്വാഗത സംഘം ചെയർമാൻ എം.എ അബ്ദുറഹിമാൻ ഹാജി സ്വാഗതവും ജന. കൺവീനർ അഡ്വ. ഉമർ പുതിയോട്ടിൽ നന്ദിയും പറഞ്ഞു. ബിഷർ ബിൻ താഫീഖ് ഖിറാഅത്ത് നടത്തി.